ന്യൂഡല്‍ഹി: മോദി വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചത്.
തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിച്ചു കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രാവിലെ രേഖകളെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തി സ്പീക്കറുടെ അനുമതിയോടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിക്കാനുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കര്‍ ദിവസങ്ങള്‍ കടന്നിട്ടും എംപി സ്ഥാനം പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനം എടുക്കാത്തിരുന്നില്ല. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങവേയാണ് സ്പീക്കറുടെ തീരുമാനം. നാളെ മണിപ്പൂര്‍ അവിശ്വാസപ്രമേയം ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുക്കുന്ന സാഹചര്യത്തില്‍ രാഹുലിന്റെ വരവ് പ്രതിപക്ഷത്തിന് ഊര്‍ജമാകും. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ സംസാരിക്കും.
2019 ല്‍ കര്‍ണാടകയിലെ കോലാറില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നതെന്തുകൊണ്ടാണെന്ന’ രാഹുലിന്റെ പരാമര്‍ശത്തെ തുടര്‍ന്നുയര്‍ന്ന പരാതിയും കോടതി നടപടികളുമാണ് വയനാട് എം.പി പദവി നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചത്. ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് ഈശ്വര്‍ മോദി നല്‍കിയ പരാതിയില്‍ സൂറത്ത് കോടതി രാഹുലിനെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചതോടെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. മാര്‍ച്ച് 23ന് പുറപ്പെടുവിച്ച ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ സൂറത്ത് സെഷന്‍സ് കോടതിയെയും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് വിഷയം സുപ്രീം കോടതിയുടെ പരിഗണനിയിലെത്തിയത്.