ന്യൂഡല്‍ഹി: പാര്‍ലമെന്റംഗത്വം പുന:സ്ഥാപിക്കപ്പെട്ട രാഹുല്‍ ഗാന്ധി ചൊവ്വാഴ്ചത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കും. മണിപ്പൂര്‍ കലാപത്തില്‍ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ക്ക് വേണ്ടി കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവായ ഗൗരവ് ഗൊഗോയ് അവതരിപ്പിക്കുന്ന പ്രമേയത്തിന്‍മേലാണ് ചര്‍ച്ച നടക്കുക. വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ മറുപടിയും വോട്ടെടുപ്പും നടക്കും.
കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ഗാന്ധി ചര്‍ച്ചക്ക് തുടക്കമിടുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിന് പുറമേ ബിആര്‍എസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അതിന് അനുമതി ലഭിച്ചിരുന്നില്ല. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതല്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയം ഉന്നയിക്കുന്നുണ്ട്. വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയെന്ന ആവശ്യമാണ് ‘ഇന്ത്യ’ കൂട്ടായ്മ ഒന്നാം ദിവസം മുതലേ ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാതെ ഹ്രസ്വചര്‍ച്ചയാവാമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പ്രധാനമന്ത്രി പ്രതികരിച്ചേ പറ്റൂ എന്ന നിലപാടും പ്രതിപക്ഷം സ്വീകരിച്ചിരുന്നു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി സഭയില്‍ പ്രതികരിക്കാന്‍ തയ്യാറാവാതെ വന്നതോടെയാണ് അവിശ്വാസ പ്രമേയത്തിലേക്ക് പ്രതിപക്ഷം കടന്നത്.