മണിപ്പൂര്‍ ലൈംഗിക പീഡനക്കേസുകളുടെ അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേല്‍നോട്ടം

മണിപ്പൂര്‍ ലൈംഗിക പീഡനക്കേസുകളുടെ അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേല്‍നോട്ടം

ന്യൂഡല്‍ഹി: മണിപ്പൂര്‍ ലൈംഗിക പീഡനക്കേസുകളിലെ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി മേല്‍ നോട്ടം. മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ ദത്താത്രയ പട്‌സാല്‍ഗികറിനെയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയത്. സിബിഐ അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കിയ സുപ്രീം കോടതി അന്വേഷണം വിശ്വാസയോഗ്യമാക്കാന്‍ നിര്‍ദേശിച്ച നടപടികളിലൊന്നാണിത്. 1982 ബാച്ച് ഐ.പി.എസ.് ഉദ്യോഗസ്ഥനാണ് ദത്താത്രയ പട്‌സാല്‍ഗികര്‍. ദീര്‍ഘകാലം ഐ.ബിയിലും പട്‌സാല്‍ഗികര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രീം കോടതിക്കാണ് ദത്താത്രയ പട്‌സാല്‍ഗികര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്.

ഇതിനകം സിബിഐ അന്വേഷണം ആരംഭിച്ച 11 കേസുകളുടെ അന്വേഷണ സംഘത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡി.വൈ.എസ്.പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെ ഉള്‍പെടുത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളുടെ അന്വേഷണത്തിന് മണിപ്പുര്‍ സര്‍ക്കാര്‍ രൂപവത്കരിച്ച വിവിധ പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. ഈ അന്വേഷണ സംഘങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഡി.ഐ.ജി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നിലവിലുള്ള അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുള്‍പ്പെടെ വിരമിച്ച മൂന്ന് വനിത ജഡ്ജിമാരടങ്ങുന്ന സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ച ജസ്റ്റിസ് ഗീത മിത്തല്‍, ബോംബെ ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് ശാലിനി ജോഷി, ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നു വിരമിച്ച മലയാളിയായ ജസ്റ്റിസ് ആശ മേനോന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *