മാഹി: നിരോധിത പുകയില വസ്തുക്കളുമായി രണ്ട് കടയുടമകളെ മാഹി പോലിസ് അറസ്റ്റ് ചെയ്തു. 963 പാക്കറ്റ് നിരോധിത പുകയില വസ്തുക്കളുമായാണ് മാഹി കെ.ടി.സി ജംഗ്ഷനിലുള്ള പി.ടി സ്റ്റോര്‍സ് ഉടമ കണ്ണൂക്കര സ്വദേശി പി.ടി. നിഖില്‍ (44) തൊട്ടടുത്ത ലക്ഷ്മി സ്വീറ്റ്‌സ് കട നടത്തുന്ന വടകര പാക്കയില്‍ സ്വദേശി എം.കെ.ബിജു (39) എന്നിവരെ പോലിസ് പിടികൂടിയത്. മാഹി എസ്.ഐ പി.പ്രദീപ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ അശോകന്‍, പ്രശാന്ത്, കോണ്‍സ്റ്റബിള്‍ നിജില്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
മാഹി എസ്.പി രാജശങ്കര്‍ വെള്ളാട്ടിന്റെ നിര്‍ദേശപ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എം മനോജിന്റെ നേതൃത്വത്തില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു വരുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ മാഹിയില്‍ നാലു പേര്‍ക്കെതിരെ പുകയില വസ്തുക്കള്‍ വില്‍പന നടത്തിയതിന് കേസെടുത്തിട്ടുണ്ട്. മാഹി നഗരത്തിലെ ബസ് സ്റ്റോപ്പുകള്‍, സ്‌കൂള്‍ പരിസരങ്ങള്‍, സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങള്‍, പാര്‍ക്ക്, ആശുപത്രി എന്നിവ പുകവലി നിരോധിത മേഖലകളായി പ്രഖ്യാപിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.