ഇംഫാൽ: മണിപ്പൂരിലേക്ക് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ച് കേന്ദ്രസർക്കാർ. അർധ സൈനിക വിഭാഗങ്ങളായ സി.ആർ.പി.എഫ്., ബി.എസ്.എഫ്., ഐ.ടി.ബി.പി., എസ്.എസ്.ബി. എന്നിവയിലെ പത്ത് കമ്പനികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തേക്ക് അയച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. 900-ലധികം ഉദ്യോഗസ്ഥരുണ്ടെന്നാണ് റിപ്പോർട്ട്.
സംഘർഷാവസ്ഥ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. പത്ത് കമ്പനി സുരക്ഷാ ഉദ്യോഗസ്ഥർ ശനിയാഴ്ച രാത്രിയോടെ ഇംഫാലിൽ എത്തിച്ചേർന്നു. ഇവരെ വിവിധ ജില്ലകളിലായി വിന്യസിക്കും.
മേയ് മൂന്നിന് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം സൈന്യം, അസം റൈഫിൾസ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് എന്നിവയിൽനിന്നുള്ള നാൽപ്പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ മണിപ്പൂരിൽ വിന്യസിച്ചിട്ടുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസം കേന്ദ്രസേനയും കുക്കികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. മറ്റൊരിടത്ത് നടന്ന സംഘർഷത്തിൽ ആറ് പേർ മരിക്കുകയും ചെയ്തു.