ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ വാട്സാപ്പ് അംഗം നടത്തിയ അപകീർത്തി പരാമർശം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഗ്രൂപ്പ് അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്തു. വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായ ഷഹാബുദ്ദീൻ അൻസാരിയാണ് പിടിയിലായത്. ട്വിറ്റർ വഴി ലഭിച്ച പരാതിയിലാണ് അറസ്റ്റ് എന്ന് കോട്‌വാലി പോലീസ് അറിയിച്ചു.
മുസ്ലിം അൻസാരി എന്നയാളാണ് മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പരാമർശം നടത്തിയത്. ഇയാൾ ഒളിവിലാണ്. പരാമർശത്തിന്റെ സ്‌ക്രീൻഷോട്ട് കണ്ടെടുത്തു. ഐ.പി.സിയുടേയും ഐ.ടി. ആക്ടിന്റേയും ക്രിമിനൽ ലോ അമൻഡ്‌മെന്റ് ആക്ടിന്റേയും വിവിധ വകുപ്പുകൾ ചേർത്താണ് കേസെന്നും യു.പി. പോലീസ് അറിയിച്ചു.
നഗര പാലിക പരിഷത്ത് ബദോഹി എന്ന ഗ്രൂപ്പിലാണ് കമന്റ് പങ്കുവെക്കപ്പെട്ടത്. ബദോഹി നഗര പാലിക പരിഷത്തിലെ അംഗങ്ങളും സാധാരണക്കാരും അംഗങ്ങളായുള്ള ഗ്രൂപ്പാണിത്. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽക്കൊണ്ടുവരാനുള്ള ഗ്രൂപ്പാണെന്നാണ് അഡ്മിന്മാർ അവകാശപ്പെടുന്നത്.