കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുന്നതിനായി സംഘടിപ്പിക്കുന്ന യംഗ് ഐഡിയ കോണ്‍ക്ലേവിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ടെക്നോളജി കാലിക്കറ്റ് വേദിയൊരുക്കും. കേരളസ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് ഇന്നൊവേഷന്‍സ് എക്സ്പെഡിഷന്‍ നടത്തുന്ന ഈ പരിപാടി വിദ്യാര്‍ത്ഥികളുടെ നവീന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് പുതിയ അവസരങ്ങള്‍ ഉറപ്പ് വരുത്താനും ഉതകുന്നതാണ്.
പരിപാടിയുടെ കാലിക്കറ്റ് എഡിഷന്‍ ആഗസ്റ്റ് 19ന് എന്‍.ഐ.ടി.സി കാംപസിലെ എം.ബി.എ ഓഡിറ്റോറിയത്തില്‍ നടക്കും. വിദ്യാര്‍ഥികള്‍ക്കായുള്ള ‘ഇന്നൊവേറ്റീവ് ഐഡിയ പിച്ചിംഗ് മല്‍സരവും’ പ്രൊഫഷണലുകളുമായുള്ള ആശയവിനിമയവുമാണ് പരിപാടിയുടെ ഹൈലൈറ്റ്.
എന്‍.ഐ.ടി കാലിക്കറ്റില്‍ ഉള്ള സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍സ്, എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് ഇന്‍കുബേഷന്‍ എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എന്‍.ഐ.ടി.സിക്ക് പുറമെ കോഴിക്കോട്ടെ മറ്റ് എഞ്ചിനീയറിംഗ് കോളേജുകളും പരിപാടിക്ക് പിന്തുണ നല്‍കുന്നുണ്ട്.
ജില്ലാ കലക്ടര്‍ എ. ഗീത പരിപാടി ഉദ്ഘാടനം ചെയ്യും. എന്‍.ഐ.ടി കാലിക്കറ്റ് ഡയറക്ടര്‍ പ്രഫ.പ്രസാദ് കൃഷ്ണ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷതവഹിക്കും. സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് .പി അംബിക മുഖ്യ പ്രഭാഷണം നടത്തും.