മാഹി റെയില്‍വേ സ്റ്റേഷന് പുതുമുഖം കൈവരുന്നു

മാഹി റെയില്‍വേ സ്റ്റേഷന് പുതുമുഖം കൈവരുന്നു

ചാലക്കര പുരുഷു

മാഹി: ആദ്യ കല്‍ക്കരിവണ്ടി ഓടിയ വേളയില്‍ നിന്ന് ഏറെയൊന്നും വികാസം കൈവരിച്ചിട്ടില്ലാത്ത മാഹി റെയില്‍വേ സ്റ്റേഷന് വികസനത്തിന്റെ പുതുമുഖം കൈവരുന്നു. അമൃത് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ പത്ത് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുക. ഉത്തരകേരളത്തിലെ പ്രമുഖ വ്യാപാര / ടൂറിസം കേന്ദ്രമായ പഴയ ഫ്രഞ്ച് അധീന പ്രദേശവുമായ മാഹിയുടെ പേരിലാണ് സ്റ്റേഷന്‍ അറിയപ്പെടുന്നതെങ്കിലും, കേരളത്തിലെ അഴിയൂര്‍ പഞ്ചായത്തിലാണ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.
സ്റ്റേഷന്റെ മുന്‍ഭാഗം ഗതകാല വാസ്തു ശില്‍പ്പ ചാരുതയോടെ കമനീയമാക്കും. സ്റ്റേഷന്റെ വടക്ക് – തെക്ക് ഭാഗങ്ങളില്‍ പാര്‍ക്കിങ് ഏരിയ വിപുലമാക്കും. വടക്ക് ഭാഗത്തെ സ്ഥലം ഉയര്‍ത്തി വെയിറ്റിങ്ങ് ഹാള്‍ പണിയും. രണ്ടാം പ്ലാറ്റ്‌ഫോം വിപുലീകരിക്കുന്നതോടൊപ്പം മേല്‍ക്കൂരയും വിപുലമാക്കും. ഈ പ്ലാറ്റ്‌ഫോമിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കും.
പുതിയ കംഫര്‍ട്ട് സ്റ്റേഷനും നിര്‍ദേശമുണ്ട്. വിപുലമായ ജലസ്രോതസ്സായ റെയില്‍വേ കുളം നവീകരിച്ച് ആകര്‍ഷകമാക്കാനും പദ്ധതിയുണ്ട്. മയ്യഴി റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേര്‍സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസും, സ്ഥലം എം.പി.കെ മുരളീധരനും റെയില്‍വേ സ്റ്റേഷന്‍ വികസന സമിതി അംഗങ്ങളേയും, പാസ്സഞ്ചേര്‍സ് അസോസിയേഷന്‍ ഭാരവാഹികളേയും അറിയിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *