മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് മെയ്തികള്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് മെയ്തികള്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മെയ്തി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടവര്‍. ബിഷ്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളിലാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ സൈന്യത്തിന്റെ ബഫര്‍സോണ്‍ കടന്ന് മെയ്തി അധീനമേഖലയിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ബിഷ്ണുപൂര്‍ പോലിസ് വ്യക്തമാക്കി. ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്തയില്‍ നിന്ന് രണ്ട് കിലോമീറ്ററിലധികം ദൂരത്താണ് കേന്ദ്ര സേനയുടെ ബഫര്‍ സോണ്‍. ജില്ലയില്‍ കുകി വിഭാഗത്തിന്റെ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കിയതായും പോലിസ് സ്ഥിരീകരിച്ചു.

ബിഷ്ണുപൂര്‍ ജില്ലയില്‍ സായുധ സേനയും മെയ്തി സമുദായ പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ക്ക് പരുക്കേറ്റതിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണം. അക്രമികള്‍ സുരക്ഷാസേനയുടെ ആസ്ഥാനത്ത് അതിക്രമിച്ച് കടന്ന് തോക്കുകളും ഗ്രനേഡുകളുമടക്കം ആയുധങ്ങള്‍ കടത്തിയതായായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പോലിസിന്റെ ആയുധപ്പുരയില്‍ നിന്ന് എകെ, ഖട്ടക് സീരിസുകളിലുള്ള റൈഫിളുകളും 19,000 ബുള്ളറ്റുകളും തട്ടിയെടുത്തു. ബിഷ്ണുപൂരിലെ നരന്‍സീനയില്‍ സ്ഥിതി ചെയ്യുന്ന രണ്ടാം ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ (ഐആര്‍ബി) ആസ്ഥാനത്താണ് സംഭവം. വിവിധ റേഞ്ചുകളിലുള്ള 19,000-ലധികം റൗണ്ട് ബുള്ളറ്റുകള്‍, ഒരു എകെ സീരിസ് റൈഫിള്‍, മൂന്ന് ഖട്ടക് റൈഫിളുകള്‍, 195 സെല്‍ഫ് ലോഡിങ് റൈഫിളുകള്‍, അഞ്ച് എം പി-5 തോക്കുകള്‍, 16, 9 എം.എം പിസ്റ്റളുകള്‍, 25 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, 21 കാര്‍ബൈനുകള്‍, 124 ഹാന്‍ഡ് ഗ്രനേഡുകളും അക്രമികള്‍ കൊള്ളയടിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *