തലശ്ശേരി: ഹാസ്യ സാമ്രാട്ടും പ്രഭാഷകനും സാംസ്‌ക്കാരിക നായകനുമായ പെരുന്താറ്റില്‍ ഗോപാലന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കലാരത്‌ന പുരസ്‌ക്കാരത്തിന് ടി.കെ.ഡി മുഴപ്പിലങ്ങാട് അര്‍ഹനായി. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാരന്‍, സംവിധായകന്‍, നാടകനടന്‍ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ടി.കെ.ഡി മികച്ച മിമിക്രി, മോണോ ആക്ട്, കഥാ പ്രസംഗ പരിശീലകന്‍ കൂടിയാണ്. അദ്ദേഹം രചിച്ച കാശ്മീരിന്റെ പുത്രി, മാര്‍ത്താണ്ഡ വര്‍മ്മ എന്നീ കഥാപ്രസംഗങ്ങള്‍ സംസ്ഥാന കലോല്‍സവങ്ങളില്‍ ഒന്നാം സ്ഥാനം നേടി. ആഗസ്റ്റ് ആറിന് പെരുന്താറ്റില്‍ നടക്കുന്ന സ്മൃതി സംഗമം -23 പരിപാടിയില്‍ പ്രശസ്ത സിനിമാ താരം വിനീത് അവാര്‍ഡ് സമ്മാനിക്കും.