നൂഹിലെ വര്‍ഗീയ കലാപത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഹരിയാന ആഭ്യന്തരമന്ത്രി

നൂഹിലെ വര്‍ഗീയ കലാപത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഹരിയാന ആഭ്യന്തരമന്ത്രി

ഛണ്ഡീഗഡ്: ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അനില്‍ വിജ്. ആക്രമണങ്ങളില്‍ നിന്ന് മനസിലാകുന്നതാണിതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
”ക്ഷേത്രത്തിന് സമീപത്തുള്ള കുന്നിന് അക്രമികള്‍ കയറി നിന്നിരുന്നു. അവരുടെ കൈകളില്‍ ആയുധങ്ങളും ഉണ്ടായിരുന്നു. പല സ്ഥലങ്ങളിലും അവര്‍ ഒത്തുകൂടിയിട്ടുണ്ട്. കൃത്യമായ പദ്ധതിയില്ലാതെ ഇതൊന്നും സാധ്യമല്ല. മുന്‍കൂട്ടി ക്രമീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അക്രമം നടന്നിട്ടുള്ളതെന്ന് വ്യക്തമാണ്. ആയുധങ്ങള്‍ എവിടെ നിന്ന് വന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്”. അനില്‍ വിജ് പറഞ്ഞു.
സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷം മാത്രമേ ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കൂവെന്നാണ് ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. മാത്രമല്ല, കുറ്റാരോപിതര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട ഹരിയാനയില്‍ ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തു. 80 പേരെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. 102 എഫ്ഐആറുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വിവിധ ഖാപ്പ് പഞ്ചായത്തുകളും സാമൂഹിക സംഘടനകളും ശനിയാഴ്ച സര്‍വമത സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. ഖാപ്പ് തലവന്‍മാരുടെയും സംയുക്ത് കിസാന്‍ മോര്‍ച്ചാ നേതാക്കളുടെയും വിവിധ സംഘടനകളുടേയും ഒരു പ്രതിനിധി സംഘം നൂഹ് ജില്ല സന്ദര്‍ശിക്കുകയും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് വോട്ട് നേടാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ അറിയാതെ ഇത്തരത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സംസ്ഥാനത്ത് നടക്കില്ലെന്നും സംഘം ചൂണ്ടിക്കാട്ടുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *