‘ചെറുകിട മാധ്യമങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം’

‘ചെറുകിട മാധ്യമങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം’

കോഴിക്കോട്: ഓണം പോലെയുള്ള വിശേഷാവസരങ്ങളില്‍ പോലും ചെറുകിട മാധ്യമങ്ങള്‍ക്ക് പരസ്യം നിഷേധിക്കുന്ന കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും നടപടിയില്‍ പത്ര ഉടമകളുടെയും പത്രാധിപന്മാരുടെയും സംയുക്ത യോഗം ശക്തിയായി പ്രതിഷേധിച്ചു. യോഗം പീപ്പിള്‍സ് റിവ്യൂ പത്രാധിപരും കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ പി.ടി നിസാര്‍ ഉദ്ഘാടനം ചെയ്തു.

പൊതുമേഖല ബാങ്കുകളടക്കം പരസ്യങ്ങള്‍ നിഷേധിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളെ പരിഗണിക്കുന്നത് പോലെ ചെറുകിട മാധ്യമങ്ങളെയും പരിഗണിക്കണം. മാതൃഭാഷയുടെ നിലനില്‍പ്പിന് ചെറുകിട മാധ്യമങ്ങള്‍ ഒഴിച്ചുകൂടാനാകാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം കുറച്ചുകാണരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ വിഷയമുന്നയിച്ച് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കും. മുഖ്യധാര മാധ്യമങ്ങളെ പോലെതന്നെ ചെറുകിട അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളും പരസ്യം നിഷേധിക്കുന്ന സ്ഥാപനങ്ങളുടെയടക്കമുള്ള വാര്‍ത്തകള്‍  കഴിഞ്ഞ കാലങ്ങളില്‍ പ്രസിദ്ധീകരിച്ചത് ബന്ധപ്പെട്ടവര്‍ മറക്കരുത്‌.

ചെറുകിട മാധ്യമങ്ങള്‍ നിലനില്‍ക്കേണ്ടത് നാടിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. നവാഗതരായ എഴുത്തുകാര്‍ക്ക് അവരുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ ചെറുകിട മാധ്യമങ്ങളാണ് വഴിയൊരുക്കുന്നതെന്നും ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളും നാടിന്റെ വികസനവാര്‍ത്തകളും സമൂഹത്തിന്റെ മുന്‍പില്‍ എത്തിക്കുന്നതില്‍ ചെറുകിട മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ബന്ധപ്പെട്ടവര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിന് ശേഷം പ്രതിസന്ധിയിലായ ചെറുകിട മാധ്യമങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കണെമെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ അവരുടെ പരസ്യങ്ങള്‍ ചെറുകിട മാധ്യമങ്ങള്‍ക്ക് കൂടി നല്‍കാന്‍ തയാറാകാണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

ന്യൂസ്‌ബോയ് ചീഫ് എഡിറ്റര്‍ രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. മലയാളം ന്യൂസ് കേരള ചീഫ് സി.ഒ.ടി അസീസ് മുഖ്യപ്രഭാഷണം നടത്തി. സായാഹ്നം പത്രാധിപര്‍ അസീസ് മാസ്റ്റര്‍, സുകൃത താമരശ്ശേരി, ശ്രീകല വിജയന്‍, വിനീത മണിത്തറ തൃശ്ശൂര്‍, ആറ്റക്കോയ പള്ളിക്കണ്ടി, ഇ.രാധാകൃഷ്ണന്‍, ദിവാകരന്‍ ചോമ്പാല എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *