ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി ചികിത്സയിലായിരുന്ന ആന്‍മരിയ ജോസ് എന്ന 17കാരി അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇടുക്കി ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടെയും ഷൈനിയുടെയും മകളാണ്.
ജൂണ്‍ ഒന്നിന് രാവിലെ ഇരട്ടയാര്‍ സെന്റ് തോമസ് ഫോറോന പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആന്‍മരിയക്ക് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് കട്ടപ്പനയില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി ആന്‍മരിയയെ എത്തിച്ചത് ഏറെ വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു.
മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദേശപ്രകാരം പോലീസും നാട്ടുകാരും, വാഹനയാത്രികരുമടക്കം ആംബുലന്‍സ് എത്രയും വേഗം കൊച്ചിയില്‍ എത്താനുള്ള സജ്ജീകരണമൊരുക്കി. നാല് മണിക്കൂര്‍ കൊണ്ട് കൊച്ചിയില്‍ എത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും രണ്ടര മണിക്കൂര്‍ കൊണ്ട് അമൃത ആശുപത്രിയില്‍ ആന്‍മരിയയെ എത്തിച്ചിരുന്നു. ആന്‍മരിയയുടെ സംസ്‌കാരം ഞായറാഴ്ച രണ്ട് മണിക്ക് ഇരട്ടയാര്‍ പള്ളിയില്‍ നടക്കും.