ന്യൂയോർക്ക്: ഉപഭോക്താക്കളെ കിട്ടാതെ മെറ്റയുടെ പുതിയ ത്രെഡ്സ് ആപ്പ്. ആദ്യദിനങ്ങളിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻകുതിപ്പായിരുന്നു. എന്നാൽ ആ കുതിപ്പ് തുടരാൻ പ്ലാറ്റ്‌ഫോമിന് കഴിയാത്ത അവസ്ഥയാണുള്ളത്. ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം ത്രെഡ്‌സിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ, ആരംഭിച്ചതിൽ നിന്ന് 82 ശതമാനം കുറവുണ്ടായെന്ന് സെൻസർ ടവർ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യ നാളുകളിൽ 44 ലക്ഷം പ്രതിദിന സജീവ ഉപഭോക്താക്കളെ ലഭിച്ച ത്രെഡ്സിന് കഴിഞ്ഞ ദിവസങ്ങളിൽ വെറും എട്ട് ലക്ഷത്തോളം പേരെ മാത്രമാണ് ലഭിച്ചത്. ലോഞ്ച് സമയത്ത്, ആവറേജ് 19 മിനിറ്റ് സ്ക്രോളിംഗ് ടൈം ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അത് പ്രതിദിനം 2.9 മിനിറ്റ് മാത്രമായി കുറഞ്ഞിരിക്കുന്നു.
ഉപഭോക്താക്കളുടെ എണ്ണത്തിൽ അതിഭീമമായ ഇടിവുണ്ടായതായി നേരത്തെ മാർക്ക് സക്കർബർഗ് തന്നെ വ്യക്തമാക്കിയതാണ്. തുടക്കത്തിൽ കമ്പനി പ്രതീക്ഷിക്കാത്ത വിധം ആളുകളുടെ കുത്തൊഴുക്കാണ് ഉണ്ടായത്. എന്നാൽ തുടക്കത്തിലെ ഉപഭോക്താക്കളുടെ ആവേശത്തിൽ ഇടിവുണ്ടാവുമെന്ന് കമ്പനി കണക്കാക്കിയിരുന്നുവെങ്കിലും വലിയൊരു സംഖ്യ ഉപഭോക്താക്കളെ നഷ്ടമാകുന്നത് ത്രെഡ്സിന് വലിയ തിരിച്ചടിയാണ്.
അതേസമയം, കമ്പനി മേധാവി മാർക്ക് സക്കർബർഗ് പോലും ത്രെഡ്സ് ഉപയോഗിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. തുടക്കകാലത്ത് അദ്ദേഹം പങ്കുവെച്ചിരുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ ഇടിവുണ്ടായിട്ടുണ്ട്. ഉപയോക്താക്കളെ ത്രെഡ്സിൽ നിലനിർത്തുന്നതിനുള്ള പദ്ധതികൾ ഇതിനകം കമ്പനി ആരംഭിച്ചിട്ടുണ്ട്.