കോഴിക്കോട്: പൈതൃക കലകളുടെ സംരക്ഷണം നയമായ് പ്രഖ്യാപിച്ച 45 ലോക നഗരങ്ങളിലെ മേയര്‍മാര്‍ കോഴിക്കോടേക്ക്. നവംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഒമ്പതാമത് ജനറല്‍ അസംബ്ലിയുടെയും അന്താരാഷ്ട്ര സാംസ്‌കാരിക മഹോത്സവത്തിന്റെയും ഉദ്ഘാടനം 2023 ഓഗസ്റ്റ് ആറിന് ഞായറാഴ്ച രാവിലെ 10.30ന് ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍
നടക്കുന്ന ചടങ്ങില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നിര്‍വ്വഹിക്കുമെന്ന് ഐ.സി.സി.എന്‍ സൗത്ത് ഏഷ്യാ ഡയറക്ടര്‍ ഡോ. വി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യുനസ്‌കോ അംഗീകൃത സംഘടനയായ ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ ജനറല്‍ അസംബ്ലി നവംബര്‍ 10 മുതല്‍ 14 വരെയാണ് കോഴിക്കോട് നടക്കുന്നത്. 45 ആഗോള നഗരങ്ങളിലെ മേയര്‍മാരും സാംസ്‌കാരിക മുഖങ്ങളും അക്കാദമിക വിദഗ്ധരും ഉള്‍പ്പടെയുള്ള പ്രതിനിധികളാണ് അഞ്ചു ദിവസങ്ങളിലായി പങ്കെടുക്കുക.
ഈജിപ്ത്, ഇറാന്‍, കൊറിയ, ഇറ്റലി, സ്‌പെയിന്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍ ജനറല്‍ അസംബ്ലിക്ക് നേരത്തെ വേദിയായിരുന്നു. ഇന്ത്യ ആദ്യമായ് ആതിഥേയത്വം വഹിക്കുന്ന മേയര്‍മാരുടെ അന്തര്‍ദേശീയ സമ്മേളനത്തിന് വേദിയാവാനുള്ള സൗഭാഗ്യമാണ് കോഴിക്കോടിന് ലഭിക്കുന്നത്. ഐ.സി.സി.എന്‍ സൗത്ത് ഏഷ്യന്‍ റീജ്യണല്‍ ഓഫിസിന്റെ ആസ്ഥാനമായ ‘ഫോക് ലാന്‍ഡ്’ ഇതര സംഘടനകളുമായ് ചേര്‍ന്നാണ് ജനറല്‍ അസംബ്ലിക്ക് ആതിഥ്യം വഹിക്കുന്നത്.
ഹൈസണ്‍ ഹെറിറ്റേജില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം.കെ രാഘവന്‍ എം.പി അധ്യക്ഷത വഹിക്കും. ഐ.സി.സി.എന്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ള സന്ദേശം ഐ.സി.സി.എന്‍ സെക്രട്ടറി ജനറല്‍ ജൂലിയോ ബ്ലാസ്‌കോയും സ്‌പെയിനിലെ അല്‍ഗെമെസി മേയര്‍ ജോസ് ജാവിര്‍ സാഞ്ചിസ് ബ്രിട്ടോണ്‍സും ഓണ്‍ലൈനായ് നല്‍കും. അന്താരാഷ്ട്ര സാംസ്‌കാരിക മഹോത്സവത്തിന്റെ ബ്രോഷര്‍ പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രകാശനം ചെയ്യും.
ഐ.സി.സി.എന്‍ ജനറല്‍ അസംബ്ലിയുടെ പ്രഖ്യാപനം ആതിഥേയത്വം മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിക്കും. അസംബ്ലിയുടെ തീം വീഡിയോ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ സ്വിച്ച് ഓണ്‍ ചെയ്യും. അര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ റീജ്യണല്‍ ഡയറക്ടര്‍ പത്മശ്രീ കെ.കെ മുഹമ്മദ് വിശിഷ്ടാതിഥിയാവും. കാലിക്കറ്റ് സര്‍വകലാശാല യുനസ്‌കോ ചെയര്‍ മേധാവി പ്രൊഫ. ഇ.പുഷ്പലത മുഖ്യപ്രഭാഷണം നടത്തും. ഐ.സി.സി.എന്‍ സൗത്ത് ഏഷ്യാ ഡയറക്ടര്‍ ഡോ. വി.ജയരാജന്‍ സ്വാഗതവും കാലിക്കറ്റ് സര്‍വകലാശാല യുനസ്‌കോ ചെയര്‍ പ്രതിനിധി ഡോ. അഹമ്മദ് സിറാജുദ്ദീന്‍ നന്ദിയും രേഖപ്പെടുത്തും.
ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് അക്കാദമിക, സാമൂഹ്യ, വിദ്യാഭ്യാസ, വിനോദ സഞ്ചാര മേഖലകളിലെ പ്രമുഖരുമായുള്ള മുഖാമുഖങ്ങളും ഹെറിറ്റേജ് ടൂറും സംഘടിപ്പിക്കും. അന്താരാഷ്ട്ര സാംസ്‌കാരികോത്സവം, മെഗാ പെയിന്റിങ് എക്‌സിബിഷന്‍, ഹാന്‍ഡി ക്രാഫ്റ്റ് എക്‌സിബിഷനുകള്‍ തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ച് വരും മാസങ്ങളില്‍ നടക്കും. ഇരുന്നൂറോളം സ്ത്രീകള്‍ പങ്കെടുക്കുന്ന മ്യൂറല്‍ പെയിന്റിങ് ശ്രദ്ധേയമായ പരിപാടിയായ്മാറും.
രാജ്യാന്തര സര്‍ഗകലകളുടെയും സംഗമവും സാംസ്‌കാരിക വിനിമയ (കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച്)വും അന്താരാഷ്ട്ര അസംബ്ലിയിലൂടെയും സാംസ്‌കാരിക മഹോത്സവത്തിലൂടെയും സാധ്യമാകും എന്ന സവിശേഷതയുണ്ട്. ആഗോള തലത്തില്‍ പൈതൃക കലകളുടെ പരിപാലനവും പരിപോഷണവും ലക്ഷ്യമിട്ട് അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.സി.എന്‍ ഇന്ത്യന്‍ ബഹുസ്വരതയുടെ അടയാളപ്പെടുത്തലിനും ഇത്തവണ വേദിയാവും.
വാര്‍ത്താസമ്മേളനത്തില്‍ ഐ.സി.സി.എന്‍ സൗത്ത് ഏഷ്യാ ഡയറക്ടര്‍ ഡോ. വി. ജയരാജന്‍, ഫോക് ലാന്റ് ഫാക്കല്‍റ്റി ആര്‍ട്ടിസ്റ്റ് കെ. ആര്‍ ബാബു, കാലിക്കറ്റ് സര്‍വകലാശാല യുനസ്‌കോ ചെയര്‍ പ്രതിനിധി ഡോ. അഹമ്മദ് സിറാജുദ്ദീന്‍, ഫെസ്റ്റിവല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി അംഗങ്ങളായ ഷെബിന്‍ നന്മണ്ട, നിഹാല്‍ പറമ്പില്‍, സാലി കാട്ടു, അംജദ് അലി അമ്പലപ്പിള്ളി എന്നിവര്‍ സംബന്ധിച്ചു.