സര്‍ക്കാര്‍ ചുമതലപ്പെടുത്തിയാല്‍ യു.എ.ഇ – കേരള സെക്ടറില്‍ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ തയ്യാര്‍: കരിം വെങ്കിടങ്ങ്

സര്‍ക്കാര്‍ ചുമതലപ്പെടുത്തിയാല്‍ യു.എ.ഇ – കേരള സെക്ടറില്‍ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ തയ്യാര്‍: കരിം വെങ്കിടങ്ങ്

യു.എ.ഇ: ആഘോഷ-അവധിവേളകളില്‍ അമിത വിമാന നിരക്ക് നിയന്ത്രിക്കാന്‍ സാധ്യമല്ലെന്ന് വ്യോമയാന മന്ത്രാലയവും, ഡി.ജി.സി.എയും മലബാര്‍ ഡെവലമെന്റ് കൗണ്‍സിലിനെ രേഖാമൂലം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ യാത്രയ്ക്ക് യു.എ.ഇ-കേരള സെക്ടറില്‍ ചാര്‍ട്ടേഡ് യാത്ര കപ്പല്‍, വിമാന സര്‍വ്വീസ് എന്ന ആവശ്യം കേന്ദ്ര – കേരള സര്‍ക്കാരുകളുടെ മുന്നില്‍ മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ സമര്‍പ്പിച്ചത്.

കഴിഞ്ഞ ബഡ്ജറ്റില്‍ 15 കോടി കേരള സര്‍ക്കാര്‍ പ്രവാസികളുടെ യാത്രയ്ക്ക് അനുവദിച്ചിട്ടുണ്ട്. എം.ഡി.സിയുടെ നിര്‍ദ്ദേശത്തിന് അനുകൂല നിലപാടാണ് കേരള മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ചത്. തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ നോര്‍ക്കയും, കേരള മാരിടൈം ബോര്‍ഡും, മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലും കേരളത്തില്‍ നടത്തിയ യോഗത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഐക്യകണ്‌ഠേന തീരുമാനമെടുത്തത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിമാന – കപ്പല്‍ കമ്പനി പ്രതിനിധികളും, പ്രമുഖ ഓപ്പറേറ്റര്‍മാരും, പ്രവാസി സംഘടനകളും മറ്റു ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണ് എം.ഡി.സി പ്രതിനിധി സംഘം ദുബായില്‍ വന്നത്. 2001 ല്‍ ദുബായി – കേരള സെക്ടറില്‍ രണ്ടുതവണ ചാര്‍ട്ടര്‍ കപ്പല്‍ സര്‍വ്വീസ് നടത്തി വിജയിപ്പിച്ച പരിചയ സമ്പന്നനായ കരീം വെങ്കിടങ്ങും ആയാണ് ഭാരവാഹികള്‍ ആദ്യ കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.

വ്യോമയാന മന്ത്രാലയവും ഡി.ജി.സി.എയും അനുമതിയും അഡീഷണല്‍ സീറ്റും, സൗകര്യങ്ങളും അനുവദിക്കുകയാണെങ്കില്‍ നിലവില്‍ ആഴ്ചയില്‍ 3 സര്‍വ്വീസ് നടത്തുന്ന ദുബായ് – കോഴിക്കോട് സെക്ടറില്‍ ഫ്‌ളൈ ദുബായ് സര്‍വ്വീസ് ദിനംപ്രതി ആക്കാമെന്നും, ആഘോഷ – അവധിവേളകളില്‍ ആവശ്യമെങ്കില്‍ ദിനംപ്രതി എത്ര സര്‍വ്വീസ് വേണമെങ്കിലും നടത്താന്‍ ആവശ്യമായ വിമാനങ്ങളും എല്ലാ സംവിധാനങ്ങളും ഉണ്ടെന്ന് ഫ്‌ളൈ ദുബായ് ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സുധീര്‍ ശ്രീധരന്‍ .എം ഹഡിസി ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. എല്ലാ വിമാന കമ്പനികള്‍ക്കും നടത്താന്‍ താല്പര്യമുള്ള സെക്ടര്‍ ആണ് ദുബായ് – കോഴിക്കോട് എന്നും അദ്ദേഹം അറിയിച്ചു.

എം.ഡി.സി പ്രസിഡണ്ട് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി, വൈസ് പ്രസിഡണ്ട് ജോബ് കൊള്ളന്നൂര്‍, യു.എ.ഇ റീജിയന്‍ വൈസ് പ്രസിഡന്റ് സി.എ ബ്യൂട്ടി പ്രസാദ്, ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ അയ്യപ്പന്‍, ഫ്‌ലോറ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് റാഫി എന്നിവരാണ് നിവേദനം സമര്‍പ്പിച്ച് ചര്‍ച്ച നടത്തിയത്. ജൂലൈ നാലിന് മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെയും ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ (ഐ.എ.സ്) എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ പ്രവാസി സംഘടനകളുടെയും വ്യക്തികളുടെയും സംയുക്ത യോഗത്തില്‍ ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കി കേരള സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *