ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്തമാസത്തേക്ക് നീട്ടി സുപ്രീം കോടതി. അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരിന്റെ എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായത്. അതിനുശേഷം പലതവണ ജാമ്യത്തിനായി സമീപിച്ച സിസോദിയയുടെ ജാമ്യാപേക്ഷകള്‍ കോടതി തള്ളിയിരുന്നു. അദ്ദേഹം ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചു എങ്കിലും നിരാശയായിരുന്നു ഫലം.
കഴിഞ്ഞ 5 മാസമായി ജയിലില്‍ കഴിയുകയാണ് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കുന്ന രണ്ട് ഡല്‍ഹി എക്‌സൈസ് പോളിസി കേസുകളില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷകളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി സെപ്റ്റംബര്‍ നാലിലേക്ക് മാറ്റി. ഈ കേസുകളില്‍ സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷകളില്‍ ജൂലൈ 14ന് സുപ്രീം കോടതി സിബിഐയുടെയും ഇഡിയുടെയും പ്രതികരണം തേടിയിരുന്നു. എന്നാല്‍, കേസന്വേഷണം നിര്‍ണായക ഘട്ടത്തില്‍ തുടരുന്നതിനാല്‍ സിസോദിയയ്ക്ക് ജാമ്യം നല്‍കുന്നത് ഉചിതമല്ല എന്നാണ് ഇരു ഏജന്‍സികളും കോടതിയെ അറിയിച്ചത്.
ഭാര്യയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് സിസോദിയ ഇടക്കാല ജാമ്യത്തിന് ശ്രമിച്ചത്. എന്നാല്‍, മനീഷ് സിസോദിയയുടെ ഭാര്യയുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്വിഎന്‍ ഭട്ടിയും അടങ്ങുന്ന ബെഞ്ച്, അവരുടെ ആരോഗ്യനില സാധാരണ നിലയിലാണ് എന്നറിയിച്ചു. അതിനാല്‍, മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ഇടക്കാല ജാമ്യാപേക്ഷകള്‍ കേസിലെ പതിവ് ജാമ്യാപേക്ഷകള്‍ക്കൊപ്പം പരിഗണിക്കുമെന്ന് അറിയിച്ചു. ജാമ്യ ഹര്‍ജി സെപ്റ്റംബര്‍ നാലിന് കോടതി പരിഗണിക്കും.
ഡല്‍ഹി സര്‍ക്കാര്‍ 2021 നവംബര്‍ 17 ന് മദ്യ നയം നടപ്പിലാക്കി, എന്നാല്‍ അഴിമതി ആരോപണം ഉയര്‍ന്നതോടെ 2022 സെപ്റ്റംബര്‍ അവസാനം അത് റദ്ദാക്കിയിരുന്നു.