തിരുവനന്തപുരം: പൂവാറിൽ സ്കൂൾ വിദ്യാർത്ഥികളായ സഹോദരിമാർ പീഡനത്തിനിരയായ സംഭവത്തിൽ പ്രതിപിടിയിൽ. മുൻ സൈനികനായ പൂവാർ സ്വദേശി ഷാജി (56) ആണ് പിടിയിലായത്. പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്. ഇതിൽ ഇളയ പെൺകുട്ടിയെ ഇയാൾ ക്രൂരമായ ലൈംഗിക പീഡനത്തിനാണ് ഇരയാക്കിയത്.
കഴിഞ്ഞ ദിവസം വനിത ശിശു വികസന വകുപ്പിൽ നിന്നുള്ള കൗൺസിലർ സ്കൂളിൽ നടത്തിയ കൗൺസിലിങിനിടെയാണ് വിവരം പുറത്തറിഞ്ഞത് മൂത്ത കുട്ടിയാണ് പീഡന വിവരം പറഞ്ഞത്. പിന്നീട് ഇളയ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പീഡന വിവരം ഉറപ്പാക്കിയ ശേഷം സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. വ്യാഴാഴ്ച രാത്രിയോടെ തന്നെ ഷാജിയെ പോലീസ് പിടികൂടി.
കുറച്ച് കാലം മുമ്പ് പെൺകുട്ടികളുടെ കുടുംബം ഷാജിയുടെ വീടിനടുത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. അന്ന് ഷാജി ഈ കുടുംബത്തിന് പണം കൊടുത്ത് സഹായിച്ചിരുന്നു. ഈ പരിചയം മുതലെടുത്താണ് ഷാജി പെൺകുട്ടികളെ ചൂഷണം ചെയ്തത്.
ഒരു വർഷത്തോളം ഈ കുട്ടികളെ ഇയാൾ ഉപദ്രവിച്ചിരുന്നു. ഇളയ കുട്ടി ശാരീരികമായും മാനസികമായും വളരെ തകർന്ന അവസ്ഥയിലാണ്. വിവരം മാതാപിതാക്കളോട് പറയാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് കുട്ടികൾ പറഞ്ഞതായും സ്കൂൾ അധികൃതർ പറഞ്ഞു.