ചാരവൃത്തിയില്‍ രണ്ട് അമേരിക്കന്‍ നാവികര്‍ അറസ്റ്റില്‍; ചാരവൃത്തി ചൈനയ്ക്ക് വേണ്ടി

ചാരവൃത്തിയില്‍ രണ്ട് അമേരിക്കന്‍ നാവികര്‍ അറസ്റ്റില്‍; ചാരവൃത്തി ചൈനയ്ക്ക് വേണ്ടി

ന്യൂയോര്‍ക്ക്: ചാരവൃത്തിയില്‍ രണ്ട് അമേരിക്കന്‍ നാവികര്‍ അറസ്റ്റില്‍. തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ ഉള്‍പ്പെടെ ചൈനയ്ക്ക് കൈമാറിയെന്നാരോപിച്ചാണ് നാവികരെ അറസ്റ്റ് ചെയ്തത്. ജിന്‍ചാവോ പാട്രിക് വെയ്, വെന്‍ഹെങ് ഷാവോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സാന്‍ഡീയാഗോയിലെ യു.എസ്.എസ് എസ്സെക്‌സ് എന്ന കപ്പലില്‍ ജോലി ചെയ്തിരുന്ന രണ്ടാം ക്ലാസിലെ പെറ്റി ഓഫിസറായ ജിഞ്ചാവോ പാട്രിക് വെയ്ക്കെതിരേ ചാരവൃത്തി ആരോപിച്ചും കാലിഫോര്‍ണിയയിലെ മോണ്ടെറി പാര്‍ക്കിലെ പെറ്റി ഓഫിസറായ വെന്‍ഹെങ് ഷാവോയ്ക്കെതിരെ ഗൂഢാലോചനയ്ക്കും കൈക്കൂലി വാങ്ങിയതിനുമാണ് കേസെടുത്തത്. ഇരുവര്‍ക്കുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു.
”വളരെ രഹസ്യമായ സൈനിക വിവരങ്ങളാണ് രണ്ട് പേരും ചൈനയ്ക്ക് കൈമാറിയിരിക്കുന്നത്. യുദ്ധകാല അഭ്യാസങ്ങള്‍, നാവിക പ്രവര്‍ത്തനങ്ങള്‍, നിര്‍ണായക സാങ്കേതിക വസ്തുക്കള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് വിവരങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്”- ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് നാവിക സേനാംഗങ്ങള്‍ക്കെതിരെയും സമാനമായി കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെതിരെ വ്യത്യസ്തമായ കേസുകളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നോ എന്ന് പരിശോധിക്കുകയാണെന്നും ഫെഡറല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്‍ഡോ-പസഫിക് മേഖലയിലെ യുഎസ് സൈനികാഭ്യാസങ്ങള്‍ക്കുള്ള ചൈനീസ് ഹാന്‍ഡ്ലര്‍ പദ്ധതികള്‍, ജപ്പാനിലെ ഒകിനാവയിലെ യുഎസ് സൈനിക താവളത്തില്‍ റഡാര്‍ സംവിധാനത്തിനുള്ള ഇലക്ട്രിക്കല്‍ ഡയഗ്രമുകളും ബ്ലൂപ്രിന്റുകളും, വെഞ്ചുറ കൗണ്ടിയിലെയും സാന്‍ ക്ലെമെന്റെയിലെയും യുഎസ് നാവിക സൗകര്യങ്ങളുടെ സുരക്ഷാ വിശദാംശങ്ങളടക്കം ഷാവോ ചൈനയ്ക്ക് കൈമാറിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *