ചായയ്ക്ക് 200 രൂപ, എന്നാലെന്താ.. തക്കാളി ഫ്രീ അല്ലേ.. പോരുന്നോ.. ചെന്നൈയിലേക്ക്

ചായയ്ക്ക് 200 രൂപ, എന്നാലെന്താ.. തക്കാളി ഫ്രീ അല്ലേ.. പോരുന്നോ.. ചെന്നൈയിലേക്ക്

ചെന്നൈ: ഒരു ചായയ്ക്ക് 200 രൂപ.. ഞെട്ടിയോ.. എന്നാല്‍, ഞെട്ടാന്‍ വരട്ടേ.. ചായ വാങ്ങാന്‍ നില്‍ക്കുന്ന ആളുകളുടെ ക്യൂ കണ്ടാലോ… അതില്‍ നിങ്ങള്‍ ഞെട്ടും.. ഇനിയും ഞെട്ടാന്‍ ആയില്ല… ചായ കൊടുക്കുന്നതിന് പോലിസിന്റെയും ബൗണ്‍സര്‍മാരുടെയും കാവലുണ്ട്. എന്നാല്‍, ഞെട്ടാന്‍ ഇതൊന്നുമല്ല.. പ്രധാന കാരണം. നിങ്ങള്‍ 200 രൂപയുടെ ചായ കുടിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ചായ മാത്രമല്ല, മറിച്ച് ഒരു കിലോ തക്കാളിയും ലഭിക്കും.. ഇതാണ് ചെന്നൈയിലെ ‘വീ ചായ് ‘ ചായക്കടയിലെ വി.ഐ.പി ചായ വില്‍പ്പന.
ഈ ചായ വില്‍ക്കുന്നത് ചെന്നൈ കൊളത്തൂര്‍ ഗണപതി റാവു സ്ട്രീറ്റിലെ ‘വീ ചായ് ‘ ചായക്കടയിലാണ്. വൈകീട്ട് നാലിനേ ചായവില്‍പ്പന തുടങ്ങൂ. പക്ഷേ ഒരു മണിക്കൂര്‍ മുന്‍പേ നൂറോളം പേര്‍ ടോക്കണും വാങ്ങി ക്യൂവിലുണ്ടാകും. തക്കാളി വില 200 തൊട്ടതോടെയാണ് കടയുടമ ആരും വീണും പോകുന്ന ഓഫര്‍ വച്ചത്.

300 പേര്‍ക്ക് ഒരു ഗ്ലാസ് ചായക്കൊപ്പം ഒരു കിലോ തക്കാളി ഫ്രീ. ചായക്കട ഉടമ ഡേവിഡ് മനോഹറാണ് ആളുകളെ ആകര്‍ഷിക്കാന്‍ ഈ വമ്പന്‍ ഓഫര്‍ മുന്നോട്ടുവെച്ചത്. അതോടെ തിരക്കായി, ആളായി, ബഹളമായി. തിരക്ക് കൂടിയതോടെ ടോക്കണ്‍ സമ്പ്രദായവും ഏര്‍പ്പെടുത്തി. ടോക്കണ്‍ ചായയുടെ പേരിലെങ്കിലും തക്കാളി കിട്ടിയാല്‍ ചായ എടുക്കാന്‍ പലരും മറക്കും. തക്കാളിക്കായി ദൂരെ നിന്നും ആള് വന്നതോടെ തിരക്ക് നിയന്ത്രിക്കാന്‍ പോലിസിനെയും ബൗണ്‍സര്‍മാരെയും വരെ ഇറക്കി കടയുടമ. തമിഴ്‌നാട്ടില്‍ തല്‍ക്കാലം ഇതിലും വലിയ ഓഫര്‍ സ്വപ്‌നങ്ങളില്‍ മാത്രമാണെന്നാണ് പറയുന്നത്.

അതേസമയം, രാജ്യത്ത് തക്കാളി വില മുകളിലോട്ടുതന്നെയാണ്. ്. വരും ദിവസങ്ങളില്‍ തക്കാളി വില കിലോഗ്രാമിന് 300 രൂപ വരെ ഉയരുമെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു. നിലവില്‍ ഡല്‍ഹിയില്‍ തക്കാളി വില കിലോഗ്രാമിന് 250 രൂപയായി ഉയര്‍ന്നു. 220 രൂപയ്ക്കാണ് മൊത്ത വ്യാപാരം നടക്കുന്നത്. ചില്ലറ വിപണിയില്‍ 250 ലേക്കെത്തിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *