വാരാണസി: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ ആരംഭിച്ചു. സര്‍വേയുടെ ഭാഗമായി മസ്ജിദ് പരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 41 ഉദ്യോഗസ്ഥരാണ് സര്‍വേയില്‍ പങ്കെടുക്കുന്നത്. സര്‍വേ നടത്താനുള്ള വാരണാസി ജില്ലാ കോടതി ഉത്തരവ് ഇന്നലെ അലഹബാദ് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍വേ നടപടികള്‍ ആരംഭിച്ചത്. ഉച്ചയ്ക്ക് 12 വരെയാണ് സര്‍വേ.
അതേസമയം ശാസ്ത്രീയ സര്‍വേ ശരിവച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക. സര്‍വേ നടത്താന്‍ എ.എസ്.ഐയെ അനുവദിക്കരുതെന്നാണ് അന്‍ജുമാന്‍ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയിലെ ആവശ്യം.
സര്‍വേ നടപടികളിലൂടെ മസ്ജിദിന്റെ ചരിത്രപരമായ ഘടന നശിപ്പിക്കപ്പെടുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി വാരാണസി കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് അന്‍ജുമാന്‍ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് സര്‍വേ നടത്തുന്നതിനെതിരെ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹര്‍ജിയിലാണ് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്.
നീതിയുടെ താത്പര്യത്തിന് ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാകര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെയാണ് വിധി. ഹിന്ദു ക്ഷേത്ര സ്ഥലത്താണ് പള്ളി പണിതതെന്ന് അവകാശപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വാരാണസി ജില്ലാ കോടതി എ.എസ്.ഐ സര്‍വേയ്ക്ക് അനുമതി നല്‍കിയത്.
https://peoplesreview.co.in/india/57425