ന്യൂഡല്‍ഹി: ‘ഇന്ത്യ’ എന്ന പേര് പ്രതിപക്ഷ സഖ്യത്തിന് ഉപയോഗിക്കുന്നതിനെതിരേ നോട്ടീസയച്ച് കോടതി. പതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ 26 പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനുമാണ് ഡല്‍ഹി ഹൈക്കോടതി നോട്ടീസയയ്ച്ചത്. ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയയ്ച്ചത്.
‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകന്‍ ഗിരീഷ് ഭരത്വാജ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി.ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ജസ്റ്റിസ് സഞ്ചീവ് നരുലയുമടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 26 പ്രതിപക്ഷ പാര്‍ട്ടികളേയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യമാണ് ഇന്ത്യ എന്ന സംക്ഷേപം ഉപയോഗിക്കുന്നതിന് പിന്നിലെന്നാണ് ആരോപണം. അഭിഭാഷകന്‍ വൈഭവ് സിങ് മുഖേനെയാണ് ഗിരീഷ് ഭരത്വാജ് പ്രതിപക്ഷ മുന്നണിയുടെ പേരിനെതിരെ കോടതിയെ സമീപിച്ചത്.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇത് സമാധാനപൂര്‍ണമായ സുതാര്യമായ നീതിയുക്തമായ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 1950ലെ എബ്ലംസ് ആന്റ് നെയിംസ് ആക്ടിന്റെ (ചിഹ്നങ്ങളും പേരുകളുടേയും അനുചിതമായ ഉപയോഗം) 2, 3 വകുപ്പുകള്‍ പ്രകാരം ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.