ന്യൂഡല്‍ഹി: ലോക്‌സഭാഗാംഗത്വം നഷ്ടപ്പെടാന്‍ ഇടയാക്കി അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, പി.എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരുടെ ബഞ്ചിന്റെതാണ് നടപടി.വിചാരണ കോടതി വിധിയെയും, ഗുജറാത്ത് ഹൈക്കോടതി വിധിയെയും വിമര്‍ശിച്ചാണ് സുപ്രീം കോടതി കേസില്‍ രാഹുലിന് അശ്വാസമാകുന്ന തീരുമാനത്തിലേക്ക് കടന്നത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഇന്ന് ഇരുഭാഗത്തിനും 30 മിനിറ്റ് വീതമായിരുന്നു വാദത്തിന് അനുവദിച്ചിരുന്നത്.
ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യത്തില്‍ രാഹുലിന് പരമാവധി ശിക്ഷ നല്‍കിയത് എന്തിനാണെന്ന ചോദ്യവും സുപ്രീംകോടതി ഉയര്‍ത്തി. കൂടാതെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മേല്‍ക്കോടതിയും ഹൈക്കോടതിയും ഈ വശങ്ങളൊന്നും പരിഗണിച്ചിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. പൊതുപ്രസംഗങ്ങള്‍ നടത്തുമ്പോള്‍ രാഹുല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു എന്നതില്‍ സംശയമില്ലെന്നും കോടതി പറഞ്ഞു. പരമാവധി ശിക്ഷ വിധിക്കുന്നതിന് വിചാരണ കോടതി കൃത്യമായ കാരണമൊന്നും പറഞ്ഞിട്ടില്ല എന്നതിനാല്‍ അന്തിമവിധി വരെ ശിക്ഷാ ഉത്തരവ് സ്റ്റേ ചെയ്യുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.
2019 ല്‍ കര്‍ണാടകയിലെ കോലാറില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നതെന്തുകൊണ്ടാണെന്ന’ രാഹുലിന്റെ പരാമര്‍ശമാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് പൂര്‍ണേഷ് ഈശ്വര്‍ മോദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കഴിഞ്ഞ മാര്‍ച്ച് 23നാണ് സൂറത്ത് കോടതി ക്രിമിനല്‍ മനനഷ്ടക്കേസില്‍ രാഹുലിനെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഈ വിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സെഷന്‍സ് കോടതിയെയും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് സുപ്രീംകോടതിയിലെത്തിയത്. ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഒരു വിഭാഗത്തിന്റെയും അന്തസ് കളങ്കപ്പെടുത്തുന്നില്ല എന്ന് ഉറപ്പാക്കാന്‍ രാഹുല്‍ ബാധ്യസ്ഥനാണെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. രാഹുലിനായി മനു അഭിഷേക് സിംഗ്വിയാണ് കോടതിയില്‍ വാദിച്ചത്. മോദി സമുദായത്തിന്റെ മതിപ്പിന് കോട്ടം വരുത്തുന്ന പ്രസ്താവനയെന്ന വാദം നില നില്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി വാദിച്ചു. കേസിലെ സാക്ഷി പോലും അപകീര്‍ത്തി പെടുത്താനാണ് പരാമര്‍ശം എന്ന് പറഞ്ഞിട്ടില്ലെന്നും വാദിച്ചു.