തിരുവനന്തപുരം: മുതലപ്പൊഴിയില്‍ 16 പേര്‍ അടങ്ങുന്ന വള്ളം മറിഞ്ഞ് വീണ്ടും അപകടം. രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയില്‍പ്പെട്ട് ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. മത്സ്യത്തൊഴിലാളികള്‍ സംയുക്തമായുള്ള തിരച്ചില്‍ ആരംഭിച്ചു. 16 പേരെയും രക്ഷപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാഗ്രത മുന്നറിയിപ്പുകള്‍ ഉള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയിലൂടെയുള്ള കടലില്‍പോക്ക് പൂര്‍ണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
കഴിഞ്ഞ ഞായറാഴ്ച മുതലപ്പൊഴിയില്‍ അപകടമുണ്ടായിരുന്നു. നാല് പേരുമായി കടലില്‍ പോയ വള്ളമാണ് മറിഞ്ഞത്. ലാല്‍സലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമാണ് അപകടത്തില്‍പ്പെട്ടത്. പൊഴിമുഖത്തെ ശക്തമായ തിരയില്‍പ്പെട്ട് നാല് പേരുണ്ടായിരുന്ന ചെറുവള്ളം മറിയുകയായിരുന്നു. പുലിമുട്ടിലെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ് അപകടങ്ങള്‍ തുടര്‍ച്ചയാകുന്നത്.
കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് നാല് പേരാണ് മരിച്ചത്. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോന്‍, സുരേഷ് ഫെര്‍ണാണ്ടസ്, ബിജു ആന്റണി, റോബിന്‍ എഡ്‌വിന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്‌കൂബ ടീമും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുലിമുട്ടിലെ കല്ലിനിടയില്‍ കുടുങ്ങിയ നിലയിലായരുന്നു മൃതദേഹങ്ങള്‍.