സാധാരണക്കാരന് നീതി തേടാവുന്ന നീതിപീഠമാണ് വിവരാവകാശ നിയമവും കമ്മീഷനുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ ഹക്കിം. തിരൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാകാശ നിയമ പ്രകാരം അപേക്ഷകന് വിവരങ്ങള്‍ യഥാസമയം നല്‍കാതിരിക്കുന്നത് ബന്ധപ്പെട്ട നിയമം ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണെന്നാണ് കരുതേണ്ടത്. അപേക്ഷ ലഭിച്ചപ്പോഴോ അപ്പീല്‍ സമയത്തോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് തീര്‍പ്പാക്കാനാവാത്തതിനാലാണ് അപേക്ഷകര്‍ കമ്മിഷന് മുമ്പാകെ എത്തുന്നത്. അതിനാല്‍ നല്‍കാനാവുന്ന വിവരങ്ങളാണെങ്കില്‍ ഉദ്യോഗസ്ഥര്‍ എത്രയും വേഗത്തില്‍ തന്നെ അത് അപേക്ഷകന് നല്‍കണം. അതേസമയം ഉദ്യോഗസ്ഥരെ മനഃപൂര്‍വം ദ്രോഹിക്കാനായി വിവരാവകാശ നിയമം ആയുധമാക്കുന്നവരെ കമ്മിഷന്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നല്‍കിയാല്‍ മതിയെന്ന നിലപാട് ശരിയല്ല. സാധിക്കുമെങ്കില്‍ അഞ്ച് ദിവസത്തിനകം തന്നെ അപേക്ഷകന് വിവരം കൈമാറണം. ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം വിവരം യഥാസമയം നല്‍കാതെ വന്നാല്‍ ബന്ധപ്പെട്ട സേവനം അപേക്ഷകന് സൗജന്യമായി തന്നെ ലഭ്യമാക്കണം. കൂടാതെ വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടിയല്ല, മറിച്ച് വിവരമാണ് ലഭ്യമാക്കേണ്ടതെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു. മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 23 കേസുകളാണ് കമ്മീഷന്‍ പരിഗണിച്ചത്. തെളിവെടുപ്പില്‍ വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും അപ്പീല്‍ ഹര്‍ജിക്കാരും പങ്കെടുത്തു.