മാഹി: മഹാത്മാ ഗാന്ധി ഗവ. ആര്‍ട്‌സ് കോളേജിലെ എം.എസ്സ്.സി ബോട്ടണി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളായ സുഹ റഹ്‌മാന്‍, വിസ്മയ.സി, ശ്വേത.എന്‍ എന്നിവര്‍ യു.ജി.സി – സി.എസ്സ്.ഐ.ആര്‍ നെറ്റ് പരീക്ഷയില്‍ ലക്ചറര്‍ഷിപ്പിനും ജൂണിയര്‍ റിസേര്‍ച്ച് ഫെലോഷിപ്പിനും അര്‍ഹരായി. ഇതോടെ ഈ മൂന്നു കുട്ടികളും അസിസ്റ്റന്റ് പ്രൊഫസറാകാനുള്ള യോഗ്യതയാണ് നേടിയത്. ജെ.ആര്‍.എഫ് കൂടി കിട്ടിയതോടെ ഇന്ത്യയിലെ ഏതൊരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിലോ സര്‍വ്വകലാശാലകളിലോ ഗവേഷണം നടത്താവുന്നതാണ്. ഗവേഷണ കാലയളവില്‍ പ്രതിമാസം 37,000 രൂപ ലഭിക്കും. രണ്ടു വര്‍ഷത്തിനു ശേഷം പ്രതിമാസം 42,000 രൂപയ്ക്ക് മുകളിലും ലഭ്യമാകും. ഇതിനു പുറമെ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് റിസേര്‍ച്ചും അനുവദിക്കുന്ന എച്ച്.ആര്‍.എക്കും കണ്ടിജന്‍സി ഗ്രാന്റിനും അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.