ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ എട്ട് മാസം കൂടി വേണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി.എം വര്‍ഗീസ്. വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതിന് 2024 മാര്‍ച്ച് 31 വരെയാണ് ഹണി എം. വര്‍ഗീസ് സമയം നീട്ടി ചോദിച്ചിരിക്കുന്നത്. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം വെള്ളിയാഴ്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും.
വിചാരണ പൂര്‍ത്തിയാക്കാന്‍ നേരത്തെ ജൂലായ് 31 വരെയാണ് സുപ്രീം കോടതി സമയം അനുവദിച്ചിരുന്നത്. ഇനിയും ആറ് സാക്ഷികളെ വിസ്തരിക്കണം എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. വിസ്താരം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസമെങ്കിലും വേണ്ടി വരുമെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത് എന്നും വിചാരണ കോടതി സുപ്രീം കോടതിയില്‍ പറഞ്ഞു.
നേരത്തെ അനുവദിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എന്ന നിലയില്‍ ഭരണപരമായ മറ്റ് കര്‍ത്തവ്യങ്ങള്‍ കൂടി തനിക്ക് നിര്‍വഹിക്കേണ്ടിവരുന്നുവെന്നും ജില്ലാ ജഡ്ജി ഹണി എം. വര്‍ഗീസ് കത്തില്‍ ചൂണ്ടിക്കാട്ടി.
വിസ്താരം പൂര്‍ത്തിയായാലും വിധി എഴുതാന്‍ സമയം ആവശ്യമുണ്ട് ഈ സാഹചര്യത്തിലാണ് എട്ട് മാസത്തെ സമയം കൂടി ആവശ്യപ്പെട്ടതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.