എടത്വ: തകഴി ലെവല്‍ ക്രോസില്‍ മേല്‍പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ തകഴി റെയില്‍വേ ഗേറ്റിന് സമീപം നില്‍പ്പ് സമരം നടത്തി.സമിതി സീനിയര്‍ വൈസ് പ്രസിഡന്റ് ജോര്‍ജ്ജു് തോമസ് കളപ്പുര അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അഡ്വ.പി.കെ സദാനന്ദന്‍ മുഖ്യ സന്ദേശം നല്‍കി.
രക്ഷാധികാരി കുഞ്ഞുമോന്‍ പട്ടത്താനം, വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ കമ്മിറ്റി സെക്രട്ടറി ഫിലിപ്പ് ചെറിയാന്‍, വില്ലേജ് മാള്‍ സമിതി വൈസ് പ്രസിഡന്റ്മാരായ അഡ്വ. ഐസക്ക് രാജു, പി.ഡി.രമേശ് കുമാര്‍, സൗഹൃദ വേദി കോര്‍ഡിനേറ്റര്‍ സാം വി.മാത്യൂ, അജി കോശി, ജോര്‍ജ്കുട്ടി തോട്ടുകടവില്‍, പി.വി.എന്‍ മേനോന്‍, ബാബു കണ്ണന്തറ, എ.ജെ.കുഞ്ഞുമോന്‍, ജോര്‍ജ്ക്കുട്ടി പുഞ്ചായില്‍, ഷാജി ആനന്ദാലയം, ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള, എന്നിവര്‍ പ്രസംഗിച്ചു.
തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയില്‍വെ ക്രോസില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്. ഇരട്ടപാത വന്നതോടെ കൂടുതല്‍ സമയം ഗേറ്റ് അടച്ചിടുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. ഹരിപ്പാട് ഭാഗത്തു നിന്ന് ഉള്ള ട്രെയിന്‍ പോയാലും അമ്പലപ്പുഴ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്ന ട്രെയിന്‍ കൂടി പോയാല്‍ മാത്രമാണ് ഗേറ്റ് തുറക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ വിവിധ ഡിപ്പോകളില്‍ നിന്നും നൂറ്റമ്പതിലധികം ബസുകള്‍ ഈ വഴി രാവിലെ 5.30 മുതല്‍ ട്രിപ്പുകള്‍ നടത്തുന്നുണ്ട്. ‘ലെവല്‍ ക്രോസ് മുക്ത കേരളം’ പദ്ധതിയിലൂടെ തകഴിയില്‍ ലെവല്‍ക്രോസ് ഒഴിവാക്കി മേല്‍പാലം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ സ്മൃതിമണ്ഡപത്തിന് സമീപത്തെ റെയില്‍വെ ക്രോസ് തകരാറുമൂലം പലപ്പോഴും അടഞ്ഞുകിടക്കുന്നത് മൂലം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രോഗികളുടെ ജീവന് പോലും ഭീഷണിയാകുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ആലപ്പുഴ ഡിപ്പോയില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം ലഭിക്കുന്ന തിരക്കേറിയ റൂട്ടാണ് അമ്പലപ്പുഴ-തിരുവല്ല റോഡ്. അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ തകഴിയില്‍ നിന്നാണ് അഗ്‌നി രക്ഷാപ്രവര്‍ത്തകര്‍ എത്തേണ്ടത്. അഗ്‌നിരക്ഷാ വാഹനങ്ങളും ഈ കുരുക്കില്‍പെടുന്നു. പുറക്കാട് സ്മൃതി വനത്തിലെ പുല്‍ത്തകിടിക്കും വൈദ്യുതി പോസ്റ്റിനും തീ പിടിച്ചപ്പോള്‍ അഗ്‌നിരക്ഷാ വാഹനത്തിന് 20 മിനിട്ടോളം കുരുക്കില്‍ കിടക്കേണ്ടി വന്നു.
ചില മാസങ്ങള്‍ക്ക് മുമ്പ് തകഴി റെയില്‍വേ ഗേറ്റില്‍ വലിയ ക്രെയിനുമായി എത്തിയ ലോറി റെയില്‍വേ ക്രോസ് ബാറിലിടിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം ഗേറ്റ് അടച്ചിട്ടാണ് അറ്റകുറ്റ പണി നടത്തിയത്. അത്യാസന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലന്‍സുകളും സ്വകാര്യ വാഹനങ്ങളും ഗതാഗത കുരുക്കില്‍ പെടുന്നത് നിത്യസംഭവമാണ്.
തകഴിയില്‍ മേല്‍പാലം പണിയാന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യപെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കാനും എടത്വ വികസന സമിതി തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അറിയിച്ചു.