കോഴിക്കോട്: പത്രപ്രവര്‍ത്തനരംഗത്ത് കാലത്തിനു മുന്‍പേ സഞ്ചരിച്ച പത്രാധിപനായിരുന്നു കെ.എം മാത്യു എന്ന് മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ കെ.എഫ് ജോര്‍ജ്. ഓര്‍ഗനൈസേഷന്‍ ഓഫ് ഓള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി സംഘടിപ്പിച്ച കെ.എം മാത്യു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ രംഗത്തെ മറ്റ് സ്ഥാപനങ്ങളോട് അദ്ദേഹം ഊഷ്മളവും സഹോദര തുല്യമായ സ്‌നേഹമാണ് കാണിച്ചിരുന്നത്. മലയാള മനോരമയെ ആധുനികവല്‍ക്കരിക്കുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. പത്രം, ചാനല്‍, റേഡിയോ, ഓണ്‍ലൈന്‍ ചാനലും എല്ലാം യാഥാര്‍ത്ഥ്യമാക്കിയത് അദ്ദേഹമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീനിയര്‍ ജേണലിസ്റ്റ് ഡോ: എം.പി. പത്മനാഭന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ മുഖ്യാതിഥിയായി. പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍, ടി.എ സലാം, ഉസ്മാന്‍ ഒഞ്ചിയം, സത്യജിത് പണിക്കര്‍, സംഗീത് ചേവായൂര്‍, ശിവദാസ് ധര്‍മ്മടം എന്നിവര്‍ സംസാരിച്ചു.