- ഇന്റര്‍നെറ്റ് നിരോധനം നീട്ടി
ന്യൂഡല്‍ഹി: വര്‍ഗീയ കലാപം വ്യാപിക്കുന്നത് തടയാന്‍ കൂടുതല്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന ഭരണനേതൃത്വം. നാല് കമ്പനി കേന്ദ്രസേനയെക്കൂടിയാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നൂഹിലെ 14 കമ്പനി കേന്ദ്രസേനയടക്കം ഇതുവരെ 20 കമ്പനി കേന്ദ്രസേനയെയാണ് ഹരിയാനയില്‍ വിന്യസിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇതുവരെ ആറ് പേരാണ് കൊല്ലപ്പെട്ടത്. 116 പേരെ അറസ്റ്റ് ചെയ്യുകയും 90 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കലാപത്തിന്റെ വ്യാപനം തടയുന്നതില്‍ സോഷ്യല്‍ മീഡിയ നിര്‍ണായക പങ്കുവഹിച്ചെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ഹരിയാനയില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. ആഗസ്റ്റ് അഞ്ച് വരെയാണ് ഇന്റര്‍നെറ്റ് നിരോധനം നീട്ടിയത്. നൂഹ്, ഫരീദാബാദ്, പല്‍വാല്‍ ജില്ലകളിലും ഗുരുഗ്രാം ജില്ലയിലെ സോഹ്ന, പട്ടൗഡി, മനേസര്‍ സബ് ഡിവിഷനുകളുടെ പ്രാദേശിക പരിധിയിലുമാണ് ഇന്റര്‍നെറ്റ് നിരോധനം നീട്ടിയത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുസമാധാനം നിലനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് തീരുമാനമെന്ന് അധികൃതര്‍ പറയുന്നു. ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചെന്നും ജൂലൈ 21 മുതലുള്ള സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞു.
അതിനിടെ ഹരിയാനയിലെ തൗരുവില്‍ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ രണ്ട് പള്ളികള്‍ക്ക് നേരെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. പള്ളികള്‍ക്ക് കേടുപാടുണ്ടെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ല. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. സംഭവത്തില്‍ ഒരു പ്രതിയും രക്ഷപ്പെടില്ലെന്നും ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ”നിരവധി എഫ്ഐആറുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. നൂറിലധികം പേരെ ചോദ്യം ചെയ്ത് വരികയാണ്. കലാപത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്,” മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.