‘ഇപ്പോള്‍ ബന്ധം നല്ല രീതിയിലാണ്, വഷളാവാതെ ശ്രദ്ധിക്കണം!’- ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും മുന്നറിയിപ്പ് നല്‍കി മന്ത്രി പി.എ മുഹമ്മദ് റിയാസ്

‘ഇപ്പോള്‍ ബന്ധം നല്ല രീതിയിലാണ്, വഷളാവാതെ ശ്രദ്ധിക്കണം!’- ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും മുന്നറിയിപ്പ് നല്‍കി മന്ത്രി പി.എ മുഹമ്മദ് റിയാസ്

അത്തോളി: പാലം പണി സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥന്മാരും കരാറുകാരും പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോള്‍ നമ്മള്‍ തമ്മിലുള്ള ബന്ധം നല്ല രീതിയിലാണ്. അത് വഷളാവാതെ ശ്രദ്ധിക്കണമെന്നും ഓര്‍മ്മപ്പെടുത്തല്‍.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രസംഗം തുടങ്ങിയത് ഇങ്ങിനെ.
കടമെടുപ്പിലും സാമ്പത്തിക വിഹിതത്തിലും കേന്ദ്രം എത്ര വെട്ടിക്കുറച്ചാലും സംസ്ഥാനത്തിന്റെ വികസനത്തില്‍ ഒരടി പുറകോട്ട് പോകാതെ കുതിപ്പ് തുടരുമെന്ന് മന്ത്രി പറഞ്ഞു. ചേമഞ്ചേരി – അത്തോളി പഞ്ചായത്തുകളെ ബന്ധിച്ച് അകലാപ്പുഴയുടെ കുറുകെ നിര്‍മ്മിക്കുന്ന തോരായി കടവ് പാലം പ്രവര്‍ത്തി വ്യാഴാഴ്ച രാവിലെ മന്ത്രി ഉദ്ഘാടനം ചെയ്തു. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് വഴി അര്‍ഹതപ്പെട്ട 13,000 കോടിയുടെ കുറവാണ് നിലവില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ നേരിടുന്നത്. ഇത്തരം പ്രതിസന്ധി ജനം അറിയണം. അത്തോളി ചേമഞ്ചേരി പ്രദേശം ടൂറിസം സാധ്യതകളില്‍ ഉള്‍പ്പെടുത്താനും പാലത്തില്‍ സ്ഥിരം ദീപാലങ്കാരം ചെയ്യാനും ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.

2024 ല്‍ പണി പൂര്‍ത്തീകരിച്ച് നാടിന് നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എം സച്ചിന്‍ദേവ് എം.എല്‍.എ വിശിഷ്ടാതിഥിയായി. ബാലുശ്ശേരി, കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം പ്രോജക്ട് മന്ത്രിക്ക് തയ്യാറാക്കി നല്‍കുമെന്ന് സച്ചിന്‍ദേവ് എം.എല്‍.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, അത്തോളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ മലയില്‍, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ആര്‍.എഫ്.ബി പ്രതിനിധി ഇ.ആര്‍ ദീപു .എസ് റിപ്പോട്ട് അവതരിപ്പിച്ചു. പ്രോജക്ട് ഡയറക്ടര്‍ ഇ.ആര്‍ എം അശോക് കുമാര്‍ സ്വാഗതവും ഇ.ആര്‍ അബ്ദുള്‍അസീസ് കെ. നന്ദിയും പറഞ്ഞു. 23.82 കോടി രൂപ ചെലവില്‍ കിഫ്ബി സഹായത്തോടെയാണ് പാലം നിര്‍മ്മിക്കുന്നത്. 265 മീറ്റര്‍ നീളത്തിലും11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുക. പാലം യാഥാര്‍ഥ്യമാകുന്നതോടെ അത്തോളി, ബാലുശ്ശേരി ഭാഗങ്ങളില്‍ നിന്നും നേരിട്ട് പൂക്കാട് എത്താന്‍ സാധിക്കും. കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്ക് എത്തിച്ചേരാനും എളുപ്പമാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *