ന്യൂഡല്‍ഹി: ജര്‍മന്‍ ചൈല്‍ഡ് സര്‍വിസസിന്റെ സംരക്ഷണത്തില്‍ കഴിയുന്ന ഇന്ത്യന്‍ മാതാപിതാക്കളുടെ കുഞ്ഞിനെ തിരികെ ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. ജര്‍മന്‍ സ്ഥാനപതി ഫിലിപ്പ് അക്കര്‍മാനോട് കുഞ്ഞിനെ തിരികെ എത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ കഴിഞ്ഞദിവസം കേന്ദ്രവിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മുമ്പ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്കിനോട് കുഞ്ഞിനെ തിരികെ നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
രണ്ടര വയസുകാരിയായ മകളെ തിരികെക്കിട്ടാന്‍ എം.പിമാരുടെ പിന്തുണ തേടി അമ്മ ധാരാ ഷാ ബുധനാഴ്ച പാര്‍ലമെന്റില്‍ എത്തിയിരുന്നു. വിവിധ കക്ഷികളുടെ എംപിമാര്‍ മാതാപിതാക്കള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
2021 സെപ്റ്റംബര്‍ 17ന് വീട്ടില്‍ ഒറ്റക്ക് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കുഞ്ഞിനേറ്റ പരിക്ക് കാണിക്കാന്‍ ആശുപത്രിയില്‍ കൊണ്ടു പോയതാണ് ഗുജറാത്ത് സ്വദേശികളായ ഭഷേവ് ഷാ-ധാരാ ഷാ ദമ്പതികള്‍ക്ക് കുഞ്ഞിനെ നഷ്ടമാകുന്നതിനിടയാക്കിയത്. കുട്ടിയ്ക്ക് ലൈംഗിക പീഡനം ഏറ്റിട്ടുണ്ടെന്ന ആശുപത്രി അധികൃതരുടെ നിരീക്ഷണമാണ് എല്ലാം കുഴപ്പത്തിലാക്കിയത്.
ഏഴുമാസം പ്രായമായമുള്ളപ്പോഴാണ് കുട്ടിയുടെ സംരക്ഷണം ജര്‍മന്‍ ചൈല്‍ഡ് സര്‍വിസസ് ഏറ്റെടുത്തത്. പിന്നീട് ഏതെങ്കിലും തരത്തില്‍ ലൈംഗികപീഡനം കുഞ്ഞിനുണ്ടായിട്ടില്ലെന്ന് ആശുപത്രി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ജര്‍മന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലും ലൈംഗിക പീഡനമേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് തിരികെ ഏല്‍പിക്കുന്നത് വിലക്കിയ ജര്‍മന്‍ കോടതി ഏറ്റവും ഒടുവില്‍ ജൂണ്‍ 13ന് പുറപ്പെടുവിച്ച വിധിയില്‍ ‘പാരന്റ് ആന്‍ഡ് ചൈല്‍ഡ് സെന്ററി’ലേക്ക് കുട്ടിയെ മാറ്റാനും മാതാപിതാക്കളുടെ നിത്യസന്ദര്‍ശനം വിലക്കാനും ഉത്തരവിട്ടു. കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന ജര്‍മ്മനിയിലെ നിയമങ്ങള്‍ അനുസരിച്ചാണ് കോടതി നടപടികള്‍ സ്വീകരിച്ചത്.