ബെയ്ജിങ്: 18 വയസുവരെയുള്ളവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്ന് ചൈന. സ്മാര്‍ട്‌ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കുട്ടികള്‍ക്കുള്ള ആസക്തി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
പുതിയ നിയമം അനുസരിച്ച് 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് രാത്രി ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവില്ല. രാത്രി പത്ത് മുതല്‍ രാവിലെ ആറ് മണി വരെയാണ് രാത്രി നിയന്ത്രണം. ഈ സമയങ്ങളില്‍ 18 വയസിന് താഴെയുള്ളവരുടെ ഫോണുകളില്‍ ഇന്റര്‍നെറ്റ് ലഭിക്കില്ല. ഇത് നടപ്പാക്കുന്നതിനായി മൈനര്‍ മോഡ് പ്രോഗ്രാം എന്ന സംവിധാനം ഫോണുകളില്‍ കൊണ്ടുവരും. ഇതിനായി കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 2 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.
എട്ട് വയസ് വരെയുള്ളവര്‍ക്ക് പ്രതിദിനം പരമാവധി 40 മിനിറ്റ് നേരമാണ് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാനാവുക. 16 മുതല്‍ 18 വരെയുള്ളവര്‍ക്ക് പരമാവധി രണ്ട് മണിക്കൂര്‍ നേരം മാത്രമേ ദിവസവും സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാനാവൂ. ഈ സമയ പരിധിയില്‍ രക്ഷിതാക്കള്‍ക്ക് മാറ്റം വരുത്താന്‍ അനുവാദം നല്‍കുന്നുണ്ട്.
ചൈനയിലെ സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷനാണ് (സി.എ.സി.) പുതിയ നിയമം കൊണ്ടുവന്നത്. കുട്ടികള്‍ വീഡിയോ ഗെയിം ഉപയോഗിക്കുന്നതിന് 2021-ല്‍ ചൈന നിയന്ത്രണം കൊണ്ടുവന്നിരുന്നു.