തിരുവനന്തപുരം: ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എന്‍ ഷംസീറിനെതിരായ പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഷംസീറിന്റെ പ്രസ്താവന അനാവശ്യമാണെന്ന നിലപാടാണ് കോണ്‍ഗ്രസ്സിന്. പ്രസ്താവന നടത്തിയതില്‍ സ്പീക്കര്‍ക്ക് ജാഗ്രത കുറവുണ്ടായെന്നും പ്രസ്താവന തിരുത്താന്‍ അദ്ദേഹം തയാറാകണമെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതാശന്‍ പ്രതികരിച്ചത്.
ശാസ്ത്രബോധത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടേണ്ടതില്ല. സ്പീക്കറുടെ പ്രസ്താവന ആയുധമാക്കി സംഘപരിവാറും ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. യു.ഡി.എഫ് പ്രതികരിക്കാതിരുന്നത് എരിതീയില്‍ എണ്ണയൊഴിക്കണ്ട എന്നു കരുതിയാണ്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സി.പി.എം വിഷയം തണുപ്പിക്കാന്‍ തയാറാകണമെന്നും സതീശന്‍ പറഞ്ഞു.
അതേസമയം സ്പീക്കറുടെ പരാമര്‍ശം അനാവശ്യമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം സ്പീക്കര്‍ നടത്തരുതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന സ്പീക്കര്‍ എഎന്‍ ഷംസീര്‍ പിന്‍വലിക്കാന്‍ തയ്യാറാവണം. സ്പീക്കറെ തിരുത്തിക്കാന്‍ സി.പി.എം തയ്യാറാകണം. ഈ വിഷയത്തില്‍ ബി.ജെ.പി അനാവശ്യ മുതലെടുപ്പ് നടത്തുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
വിശ്വാസസമൂഹത്തോടൊപ്പം ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരു മതത്തിന്റെയും വിശ്വാസത്തെ ഹനിക്കരുതെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.