ഷംസീര്‍ പറഞ്ഞത് മുഴുവനും ശരി; മാപ്പ് പറയുകയില്ല, തിരുത്തുകയുമില്ല: എം.വി ഗോവിന്ദന്‍

ഷംസീര്‍ പറഞ്ഞത് മുഴുവനും ശരി; മാപ്പ് പറയുകയില്ല, തിരുത്തുകയുമില്ല: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും ശരിയാണെന്നും സംഭവത്തില്‍ മാപ്പു പറയുകയോ തിരുത്തുകയോ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പ്രസംഗം വ്യാഖ്യാനിച്ച് വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. വിശ്വാസിയേയും അവിശ്വാസിയേയും സമൂഹത്തിന്റെ ഭാഗമായി കാണുന്ന കാഴ്ചപ്പാടാണ് സി.പി.എമ്മിനെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. സി.പി.എം മതവിശ്വാസങ്ങള്‍ക്കെതിരാണെന്ന് എല്ലാ കാലത്തും പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഒരു കാലത്തും മതവിശ്വാസത്തിനെതിരായ നിലപാട് സി.പി.എം എടുത്തിട്ടില്ല. എല്ലാ വിശ്വാസികളുടെ വിശ്വാസികളല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സി.പി.എം ചെയ്യുന്നത്. ആ നിലപാട് എന്നും സി.പി.എം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്രത്തെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകാനാകില്ല. വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിനുമേല്‍ കുതിര കയറരുതെന്നും ശാസ്ത്രീയമായി എന്തെങ്കിലും പറഞ്ഞു പോയാല്‍ അതിനുമേലെ രാഷ്ട്രീയമായി പ്രതികരിക്കുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ഗണപതി മിത്തല്ലാതെ പിന്നെ ശാസ്ത്രമാണോയെന്നും എം.വി ഗോവിന്ദന്‍ ചോദിച്ചു. ഗണപതി ക്ഷേത്രത്തിലെ വഴിപാടിനെ എതിര്‍ക്കുന്നില്ല. എന്നാല്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയോ എന്ന് പരിശോധിക്കണം. സയന്‍സ് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നത് ശരിയല്ല. മിത്തിനെ മിത്തായി കാണാന്‍ കഴിയണം. തെറ്റായ പ്രവണതകള്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് കേരളത്തിലെ ജനങ്ങളെ പാട്ടിലാക്കാമെന്നൊന്നും ഇന്ന് നടക്കില്ല. ഷംസീറിനെ ബി.ജെ.പി ലക്ഷ്യംവയ്ക്കുന്നതിന് പിന്നില്‍ കൃത്യമായ വര്‍ഗീയ അജണ്ടയാണ്. ഷംസീറിനെ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാം. വിശ്വാസികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പല കാര്യങ്ങളിലും വിയോജിപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അഭിപ്രായം പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ നെഹ്‌റുവിന്റെ പുസ്തകങ്ങള്‍ വായിക്കണം. ചരിത്രത്തെ കാവി വല്‍ക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഗണപതി ക്ഷേത്രത്തില്‍ പോയി വഴിപാട് നടത്തുന്നതില്‍ പാര്‍ട്ടിക്ക് എതിരഭിപ്രായം ഇല്ല. പക്ഷെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേയെന്ന് സ്വയം പരിശോധിക്കാന്‍ എന്‍.എസ്.എസ് തയ്യറാകണം. ഷംസീര്‍ എന്ന പേരാണ് പ്രശ്നം എന്നല്ലേ ഇതില്‍ നിന്നും മനസിലാക്കേണ്ടതെന്നും എം.വി ഗോവിന്ദന്‍ ചോദിച്ചു.

പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഗണപതി ഉണ്ടായെന്ന് പ്രധാനമന്ത്രി മഹാരാഷ്ട്രയില്‍ റിലയന്‍സ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞിട്ടുണ്ട്. പുഷ്പക വിമാനത്തിന്റെ കാര്യം ശാസ്ത്ര കോണ്‍ഗ്രസില്‍ ഇതേ പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാക്കുന്നത് തെറ്റാണ്. മിത്തായി അംഗീകരിക്കാം. പരശുരാമന്‍ മഴുവെറിഞ്ഞ് കേരള മുണ്ടാക്കി ബ്രാഹ്‌മണര്‍ക്ക് നല്‍കി എന്നു പറയുന്നു. ബ്രാഹ്‌മണ കാലത്താണോ കേരളം ഉണ്ടായത്? അതിനും എത്രയോ കൊല്ലം മുമ്പ് കേരളം ഉണ്ടായിട്ടില്ലേ. ഇക്കാര്യം ചട്ടമ്പി സ്വാമികള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേലില്‍ കുതിര കയറരുതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *