ന്യൂഡൽഹി: ലൈംഗിക കുറ്റകൃത്യങ്ങളിൽ പുരുഷൻമാർക്കെതിരെ നിയമം പക്ഷപാതം കാണിക്കുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. പുരുഷൻമാർക്കെതിരായ കേസുകളിൽ കൂടുതലും അപവാദങ്ങളാണെന്ന് ജസ്റ്റിസ് സിദ്ധാർത്ഥ് അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിക്കുന്നു. അങ്ങനെയുള്ള കേസുകളിൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതി കൂടുതൽ ശ്രദ്ധിക്കണമെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു.
നിയമ സംരക്ഷണ ആനുകൂല്യങ്ങളിൽ മുൻതൂക്കം ലഭിക്കുന്നതിനാൽ പെൺകുട്ടികൾക്ക് വളരെ എളുപ്പം കേസുകൾ ഫയൽ ചെയ്യാൻ സാധിക്കുന്നുണ്ട്. കുറ്റാരോപിതനുമായി നീണ്ടകാലത്തെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം തെറ്റായ ആരോപണങ്ങളിൽ എഫ്ഐആർ ഫയൽ ചെയ്ത് പെൺകുട്ടികളും സ്ത്രീകളും അനാവശ്യ മുതലെടുപ്പ് നടത്തുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് നിരവധി പേരോട് അനീതി കാണിക്കുന്നതിന് വഴിവെക്കുകയാണെന്നും കോടതി വിലയിരുത്തുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസിലെ പ്രതി വിവേക് കുമാർ മൗര്യ എന്നയാളുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം