ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ അപകടം രണ്ട് മാസം പിന്നിട്ടിട്ടും മരിച്ചവരില്‍ ഇനിയും തിരിച്ചറിയാനാകാതെ മൃതദേഹങ്ങള്‍. 29 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചിറിഞ്ഞിട്ടില്ല. ഇതുവരെ 113 മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അറിയിച്ചു. തിരിച്ചറിയപ്പെടാത്ത ഭുവനേശ്വറിലെ എയിംസില്‍ അഞ്ച് കണ്ടെയ്നറുകളിലായി സൂക്ഷിച്ചിരിക്കുകയാണ്.
ജൂണ്‍ രണ്ടിനുണ്ടായ അപകടത്തില്‍ 295 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. അപകടത്തിന് ശേഷം എയിംസിന് രണ്ട് ഘട്ടങ്ങളിലായി ആകെ 162 മൃതദേഹം ലഭിച്ചുവെന്നും അതില്‍ 133 മൃതദേഹം ഡി.എന്‍.എ സാമ്പിള്‍ പൊരുത്തപ്പെടുത്തലിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയെന്നും ഭുവനേശ്വര്‍ എയിംസ് സൂപ്രണ്ട് പ്രൊഫ. ദിലീപ് കുമാര്‍ പരിദ പറഞ്ഞു. ”നിലവില്‍ ഭുവനേശ്വറിലെ എയിംസില്‍ 29 മൃതദേഹം കണ്ടെയ്നറുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടുതലും തിരിച്ചറിയാനാകാത്തതും അവകാശികളില്ലാത്തതുമാണ്. ഡല്‍ഹി സിഎഫ്എസ്എല്ലില്‍ നിന്നുള്ള ഡിഎന്‍എ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ട് വന്ന ശേഷം മൃതദേഹങ്ങള്‍ കൈമാറുന്നതായിരിക്കും”- ദിലീപ് കുമാര്‍ പരിദ പറഞ്ഞു. അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ഡിഎന്‍എ സാമ്പിളുകള്‍ പൊരുത്തപ്പെട്ടതിന് ശേഷവും അവകാശികളെത്താത്ത മൃതദേഹങ്ങള്‍ ഉണ്ടെങ്കില്‍ അവ സംസ്‌കരിക്കും. അവകാശികളില്ലാത്ത അവശേഷിക്കുന്ന മൃതദേഹങ്ങള്‍ എന്തുചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരും ഒഡീഷ സര്‍ക്കാരും തീരുമാനിക്കും”- ദിലീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഒന്നിലധികം അവകാശികളും മറ്റ് ചില പ്രശ്‌നങ്ങളും ഉള്ളതിനാല്‍ 81 മൃതദേഹം ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഡിഎന്‍എ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍, 52 മൃതദേഹം കൂടി തിരിച്ചറിയുകയും അവ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഇതില്‍ 29 എണ്ണമാണ് ഇപ്പോഴും തിരിച്ചറിയാനാകാതെ കിടക്കുന്നത്.