കോന്നി: പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നല്‍കിയ അഫ്‌സാനക്കെതിരെ പരാതിയുമായി ഭര്‍ത്താവ് നൗഷാദ് പോലിസിനെ സമീപിച്ചു. ഭാര്യ അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഇതാണ് നാടുവിടാന്‍ കാരണമെന്നുമാണ് നൗഷാദ് പറയുന്നു. അടൂര്‍ പോലിസിലാണ് നൗഷാദ് പരാതി നല്‍കിയത്.
തന്നെ മര്‍ദിച്ചതില്‍ അഫ്‌സാനയ്‌ക്കെതിരെ നടപടിവേണമെന്ന് നൗഷാദ് ആവശ്യപ്പെട്ടു. ജയിലില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ രൂക്ഷവിമര്‍ശനവും ആരോപണങ്ങളുമാണ് നൗഷാദിനെതിരേ അഫ്‌സാന ഉയര്‍ത്തിയത്. എന്നാല്‍ താന്‍ കുട്ടികളെ അടക്കം ഉപദ്രവിച്ചെന്ന അഫ്സാനയുടെ ആരോപണം കളവാണെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു.
ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനല്‍കിയത് പോലിസ് ഉപദ്രവിച്ചിട്ടെന്ന് അഫ്‌സാന പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്‌സാന പറഞ്ഞു.
നൗഷാദിന്റെ കൂടെ പോകാനാകില്ല. അയാള്‍ സ്ത്രീധനം ചോദിച്ച് നൗഷാദ് മര്‍ദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. വലിയ പീഡനനങ്ങള്‍ നേരിട്ടുവെന്നും അഫ്‌സാന പറഞ്ഞിരുന്നു.
നൗഷാദ് തിരോധാനക്കേസിലാണ് അഫ്‌സാനയെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുക്കുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് നൗഷാദിനെ കാണാതായത്. ഭാര്യയുടെ മൊഴി കണക്കിലെടുത്ത് പോലിസ് പലയിടത്തും കുഴിച്ച് നോക്കിയിരുന്നു.നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു അഫ്‌സാന ആദ്യം പോലിസിന് നല്‍കിയ മൊഴി.