ന്യൂഡൽഹി: അപകീർത്തിക്കേസിൽ മാപ്പുപറയില്ലെന്ന നിലപാടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്. അപകീർത്തി കേസിലെ ശിക്ഷാ വിധി ശരിവെച്ച ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്നും രാഹുൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
ഹർജിക്കാരനായ പൂർണേഷ് മോദി നിയമം ദുരുപയോഗം ചെയ്യുകയാണെന്നും രാഹുൽ ആരോപിക്കുന്നു. രാഹുൽ ഗാന്ധിക്ക് ധാർഷ്ട്യമെന്നായിരുന്നു ഗുജറാത്തിൽ നിന്നുള്ള എംഎൽഎ ആയ പൂർണേഷ് മോദിയുടെ എതിർ സത്യവാങ്മൂലം. ഇതിനാണ് രാഹുൽ മറുപടി നൽകിയത്.
കേസിൽ സൂറത്ത് സെഷൻസ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് രാഹുലിന് വിധിച്ചത്. ഇതോടെ രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടു. തുടർന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഹർജി പരിഗണിക്കാതെ കോടതി തള്ളി. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്
കേസ് പരിഗണിച്ച ഹൈക്കോടതി എന്നാൽ ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നില്ല. രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജിയിൽ ഓഗസ്റ്റ് നാലിന് വീണ്ടും സുപ്രീം കോടതി വാദം കേൾക്കും. ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.