കോഴിക്കോട്: ഗണപതി മിത്താണെന്ന് ഉള്‍പ്പെടെ പരാമര്‍ശിച്ച് ഹൈന്ദവ വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്തിയ നിയമസഭാ സ്പീക്കര്‍ എ.എം ഷംസീര്‍ മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണമെന്ന് പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി കണിയാര്‍ ട്രസ്റ്റ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. മതേതര സര്‍ക്കാറിന്റെ ഭാഗമായി സ്പീക്കര്‍ പദവിയിലിരുന്നുകൊണ്ട് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല. സമൂഹത്തിലെ എല്ലാ മതങ്ങളെയും മാനിക്കാനുള്ള മര്യാദ ഒരു ജനപ്രതിനിധി കാണിക്കണം. എല്ലാ വിഭാഗങ്ങളിലെ ജനങ്ങളുടെയും വോട്ട് നേടിയാണ് പദവിയിലിരിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മത വിശ്വാസത്തെ കൂട്ട്പിടിച്ചു നടത്തുന്ന പ്രസ്താവനകള്‍ ഭരണഘടനാ ലംഘനവും മത സൗഹാദ്ദം തകര്‍ക്കുന്നതുമായത് കൊണ്ട് സര്‍ക്കാരും കോടതിയും നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാകും. മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി കണിയാര്‍ ട്രസ്റ്റ് ഇ മെയില്‍ അയച്ചെങ്കിലും മറുപടി ഉണ്ടായില്ല. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ഹൈന്ദവ സമുദായത്തിലെ സംഘടനകളെയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റില്‍ ധര്‍ണ്ണ അടക്കം എല്ലാ ജില്ലകളിലും ശക്തമായി തന്നെ പ്രതിഷേധിക്കുമെന്ന് പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി കണിയാര്‍ ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലെ മരാമത്ത് പ്രവര്‍ത്തികളുടെ പേരില്‍ ക്ഷേത്ര വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള ട്രസ്റ്റ് ബോഡിന്റെ നീക്കം ഉപേക്ഷിക്കണം, വികസന പ്രവര്‍ത്തികളുടെ സംരക്ഷണ നിധി എന്ന പേരില്‍ ഭക്തജനങ്ങളുടെ മേല്‍ വന്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ജനാധിപത്യ വിരുദ്ധവും സാമാന്യ നീതി ലംഘനവുമാണ്. ക്ഷേത്രാചാര പ്രകാരം ഭഗവതിക്ക് വഴിപാട് അര്‍പ്പിക്കാനുള്ള ഭക്തരുടെ അവകാശം നിഷേധിക്കുന്നതും വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതും ക്ഷേത്രത്തെ തന്നെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായെ കരുതാന്‍ കഴിയൂവെന്നും സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി കണിയാര്‍ ട്രസ്റ്റ് ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ മുരളീധരന്‍, സെക്രട്ടറി ഇ.എം രാജാമണി, വൈസ് ചെയര്‍മാന്‍ ചെലവൂര്‍ ഹരിദാസ് പണിക്കര്‍, ജ്യോതിഷ സഭാ ചെയര്‍മാന്‍ വിജിഷ് പണിക്കര്‍, സെക്രട്ടറി കൊയിലാണ്ടി പ്രമോദ് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.