ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം നൽകരുത് എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അദ്ദേഹത്തിന് കാര്യമായ അസുഖങ്ങൾ ഒന്നും ഇല്ലെന്നും ജാമ്യം ലഭിക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹം ആരോഗ്യ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതെന്നും ഇഡി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ജാമ്യാപേക്ഷയ്ക്കൊപ്പം നൽകിയ മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഡോക്ടർ ശിവശങ്കറിനെ പരിശോധിച്ചിട്ടില്ല.ശിവശങ്കർ തങ്ങളുടെ കസ്റ്റഡിയിൽ ആയിരുന്നപ്പോഴാണ് ഈ മെഡിക്കൽ സർട്ടിഫിക്കറ്റ് തയ്യാറാക്കിയിട്ടുള്ളത്.അക്കാലത്ത് ഡോക്ടർ നേരിട്ട് ശിവശങ്കറിനെ പരിശോധിച്ചിട്ടില്ലെന്നും ഇഡി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
മുമ്പ് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശിവശങ്കർ വിരമിക്കുന്നത് വരെ ഓഫീസിൽ പോയിരുന്നു. ഇതിൽ നിന്ന് തന്നെ അദ്ദേഹത്തിന് രോഗമില്ലെന്ന് വ്യക്തമാണ്. ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം അനുവദിച്ചാൽ അന്വേഷണം അവതാളത്തിലാവും. അദ്ദേഹത്തിന്റെ ഉന്നത ബന്ധങ്ങളെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. സാക്ഷികളെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ട്.
കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം വീണ്ടും കള്ളപ്പണ ഇടപാടുകൾക്ക് ഉപയോഗിക്കാൻ ഇടയുണ്ട് തുടങ്ങിയ കാര്യങ്ങളും ശിവശങ്കറിന് ജാമ്യം നിഷേധിക്കാൻ ഇഡി ചൂണ്ടിക്കാണിക്കുന്നു. ബുധനാഴ്ചയാണ് സുപ്രീം കോടതി ശിവശങ്കറിന്റെ ഹർജി പരിഗണിക്കുന്നത്.