താഷ്‌കന്റ്: ലിഫ്റ്റിൽ കുടുങ്ങിയ യുവതിക്ക് ദാരുണാന്ത്യം. ഉസ്ബസ്കിസ്ഥാനിലെ താഷ്കന്റിലാണ് സംഭവം. പോസ്റ്റ് വുമണായി ജോലി ചെയ്യുന്ന ഓൾഗ ലിയോന്റ്യേവ എന്ന 32 കാരിയാണ് മരിച്ചത്. മൂന്ന് ദിവസമാണ് ഇവർ ലിഫ്റ്റിൽ കുടുങ്ങിക്കിടന്നത്. ഒമ്പത് നില കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് ഓൾഹഗ കുടുങ്ങിയത്.
ജോലി കഴിഞ്ഞ് മടങ്ങിയെത്താത്തതിനെ തുടർന്ന് ഓൾഗയെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങൾ ജൂലായ് 24-ന് പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ കണ്ടെത്താനായിരുന്നില്ല. പിറ്റേന്ന് നടത്തിയ അന്വേഷണത്തിലാണ് ഓൾഗയുടെ മൃതദേഹം ലിഫ്റ്റിനുള്ളിൽനിന്ന് കണ്ടെത്തിയത്. ഓൾഗയുടെ ആറ് വയസ്സുകാരി മകൾ നിലവിൽ ബന്ധുക്കളുടെ സംരക്ഷണത്തിലാണുള്ളത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിലെ താമസക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ദുരന്തത്തിന് കാരണം ലിഫ്റ്റിന്റെ തകരാറാണ് എന്നാണ് പ്രാഥമിക നിഗമനം.