തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാധ്യമങ്ങളുടെ മുന്നേറ്റത്തിന് ഇടയിലും റേഡിയോ പുതുസാങ്കേതിക വിദ്യയോടൊപ്പം നിലനില്‍ക്കുമെന്ന് ആകാശവാണി മുന്‍ പ്രോഗ്രാം മേധാവിയും എഴുത്തുകാരനും നിരൂപകനുമായ കെ.എം നരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ നൂറാംവാര്‍ഷികത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച മാധ്യമസെമിനാറും പുസ്തകപ്രകാശനവും പുസ്തകോത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ നൂറാംവാര്‍ഷികത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘റേഡിയോ ചരിത്രം, സംസ്‌കാരം, വര്‍ത്തമാനം: ആകാശവാണി മുതല്‍ സ്വകാര്യ എഫ്.എം വരെ’ എന്ന അക്കാദമിക് ഗ്രന്ഥത്തിന്റെ പ്രകാശനവും ഏകദിന മാധ്യമ സെമിനാറും റേഡിയോ ജോക്കികളുമായി സംവാദവും പുസ്തകോത്സവവും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് മലയാള വിഭാഗത്തില്‍ വെച്ച് നടന്നു. കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ഡോ. ജൈനിമോള്‍ കെ.വി. രചിച്ച പുസ്തകം കേരളത്തിലെ ആദ്യത്തെ സ്വകാര്യ എഫ്.എം ആര്‍.ജെ റേഡിയോ മാംഗോ, കോഴിക്കോട് നിലയത്തിലെ ആര്‍.ജെ ലിഷ്ണ എന്‍.സി ഏറ്റുവാങ്ങി.
കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് മലയാള ഗവേഷണ വിഭാഗത്തിന്റെ സാംസ്‌കാരിക വേദിയായ വൈഖരിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അധ്യക്ഷത വഹിച്ചു. പാല സെന്റ് തോമസ് കോളേജ് മലയാള വിഭാഗം അസോ. പ്രൊഫസര്‍ ഡോ. തോമസ് സ്‌കറിയ പുസ്തകം പരിചയപ്പെടുത്തി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍, ചേളന്നൂര്‍ എസ്.എന്‍. കോളേജ് മലയാളവിഭാഗം മേധാവി ഡോ. ദീപേഷ് കരിമ്പുങ്കര, ഗുരുവായൂരപ്പന്‍ കോളേജ് മലയാള ഗവേഷണ വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഗ്രന്ഥകാരിയും കണ്ണൂര്‍ മാടായി സി.എ.എസ് കോളേജ് മലയാള വിഭാഗം അസി. പ്രൊഫസറുമായ ഡോ. ജൈനിമോള്‍ കെ.വി, വൈഖരി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബി.കെ. അനഘ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസറും പി.ആര്‍.ഒയുമായ റാഫി പൂക്കോം എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് റേഡിയോ: ജനപ്രിയമാധ്യമം എന്ന വിഷയത്തില്‍ റേഡിയോ ജോക്കികള്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ആര്‍.ജെ. മനു (റെഡ് എഫ്.എം,കോഴിക്കോട്), ആര്‍.ജെ. റാഷി (ക്ലബ് എഫ്.എം,കോഴിക്കോട്), ആകാശവാണി സീനിയര്‍ അനൌണ്‍സര്‍ ബോബി സി. മാത്യു, പ്രിയരാജ് ഗോവിന്ദരാജ് (മാതൃഭൂമി സോഷ്യല്‍ മീഡിയ ക്രിയേറ്റീവ് ഹെഡ്), സാജുമോന്‍ എസ്. (റേഡിയോ അവതാരകന്‍, എഫ്.എ. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്), ബെന്‍സി അയ്യമ്പിള്ളി (പ്രോഗ്രാം മാനേജര്‍, റേഡിയോ മാംഗോ, കോഴിക്കോട്), ഡോ. ജൈനിമോള്‍ കെ.വി. (അസി. പ്രൊഫസര്‍, മലയാളവിഭാഗം, സി.എ.എസ്. കോളേജ് മാടായി, കണ്ണൂര്‍) എന്നിവര്‍ പങ്കെടുത്തു. റേഡിയോ മാംഗോയിലെ ആര്‍.ജെ രമേഷ് മോഡറേറ്ററായി. കോളേജ് മലയാളവിഭാഗം അസി. പ്രൊഫസര്‍മാരായ കെ.പി. ദിപിന്‍ രാജ് സ്വാഗതവും ഡോ. രമിളാദേവി പി.ആര്‍. നന്ദിയും പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം മാധ്യമപ്രളയത്തില്‍ റേഡിയോയുടെ പ്രസക്തിയും വെല്ലുവിളികളും, മാധ്യമ പരിണാമവും റേഡിയോയും, റേഡിയോ മലയാളവും കേള്‍വി സംസ്‌കാരവും എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാറില്‍ മാധ്യമപ്രവര്‍ത്തകന്‍ എ. സജീവന്‍, തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുനീത ടി.വി, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ് മലയാളവിഭാഗം മേധാവി ഡോ. ഫാദര്‍ സുനില്‍ ജോസ് എന്നിവര്‍ സംസാരിച്ചു. കോളേജ് മലയാള വിഭാഗം അസി. പ്രൊഫസര്‍ ഡോ. ജി. ശ്രീരഞ്ജിനി മോഡറേറ്ററായി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് എം.പി. ബീന സ്വാഗതവും കോളേജ് മലയാള വിഭാഗം അസി. പ്രൊഫസര്‍ ഡോ. താരാ ആന്‍സി വിന്‍സെന്റ് നന്ദിയും പറഞ്ഞു.
റേഡിയോ സിദ്ധാന്തങ്ങളും പഠനങ്ങളും, റേഡിയോ ചരിത്രം സംസ്‌കാരം, കേള്‍വി സംസ്‌കാരവും ജനപ്രിയമാധ്യമങ്ങളും കേരളീയ പശ്ചാത്തലം, സ്വകാര്യ എഫ്.എം. റേഡിയോ ഫലപ്രാപ്തിയുടെ മാനങ്ങള്‍, സ്വകാര്യ എഫ്.എം. പരിപാടികളും ശ്രോതാക്കളും എന്നീ ശീര്‍ഷകങ്ങളിലായി വിവിധ സര്‍വ്വകലാശാലകളിലെ പാഠ്യപദ്ധതിക്ക് അനുസരിച്ച് 5 അധ്യായങ്ങളിലായി തയ്യാറാക്കിയ അക്കാദമിക ഗ്രന്ഥമാണിത്. 130 രൂപ വിലയുള്ള ഗ്രന്ഥം കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം പുസ്തകശാല, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് പ്ലാസ ജംഗ്ഷനിലെ പുസ്തകശാല, തിരുവനന്തപുരം സ്റ്റാച്യു, നളന്ദ ആസ്ഥാന പുസ്തകശാല, തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ലഭിക്കും.