ചാലക്കര പുരുഷു
തലശ്ശേരി: കൂട്ടത്തോടെ പുഞ്ചിരിച്ചു നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കളാണ് ഇനി മഞ്ഞയില്‍ കുളിച്ചു നില്‍ക്കുന്ന ജഗന്നാഥ ക്ഷേത്രാങ്കണത്തിലേക്ക് തീര്‍ത്ഥാടകരെ വരവേല്‍ക്കുക. ക്ഷേത്രത്തിന്റെ പ്രധാന പ്രവേശന കവാടമായ കിഴക്കെ നടയുടെ മുന്‍ഭാഗത്താണ് മുന്നൂറിലേറെ സൂര്യകാന്തി ചെടികള്‍ വിടര്‍ന്ന് നില്‍ക്കുന്നത്.
ഗുരു ചിന്തയുടെ പാത പിന്തുടര്‍ന്ന് കൊണ്ടാണ് ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യന്റെ നിര്‍ദ്ദേശപ്രകാരം കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നും സൂര്യകാന്തിപ്പൂക്കളുടെ വിത്തുകള്‍ കൊണ്ടുവന്നത്. അവ പാകി മുളപ്പിച്ചാണ് ക്ഷേത്രത്തിന് വസന്തഭംഗി ചൊരിയുന്ന സൂര്യകാന്തി തോട്ടമൊരുക്കിയത്. ക്ഷേത്രത്തിന് ചുറ്റിലുമുള്ള ഉദ്യാന സൗന്ദര്യം ആരുടേയും മനം കുളിര്‍പ്പിക്കും. 1500 ചെണ്ടുമല്ലി ചെടികളാണ് പൂവിടാന്‍ വെമ്പി നില്‍ക്കുന്നത്. തെക്ക് ഭാഗം നിറയെ കടും ചുവപ്പ് നിറത്തിലുള്ള ചെത്തിപ്പൂക്കള്‍ നിരനിരയായി വിരിഞ്ഞ് നില്‍പ്പുണ്ട്. മല്ലിക, ശങ്കു പുഷ്പം, നന്ത്യാര്‍വട്ടം, കുട മുല്ല, അരളി തുടങ്ങി പലതരം ചെടികള്‍ ആരാമ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. ഗുരുവിന്റെ പഞ്ചലോഹ പ്രതിമാമണ്ഡപത്തിന്റെ ഇരുവശങ്ങളിലുമായി ചുവപ്പും, വെള്ളയും താമരകള്‍ വിരിഞ്ഞ് നില്‍പ്പുണ്ട്. ക്ഷേത്രാവശ്യങ്ങള്‍ക്ക് വേണ്ട തുളസി, ചെമ്പരത്തി തുടങ്ങി കറുകപുല്ലുകള്‍ വരെ ഇവിടെ വളര്‍ത്തുന്നുണ്ട്. തെക്ക് ഭാഗത്ത് ഗുരു വിശ്രമിക്കാറുള്ള സ്ഥലത്തുള്ള നാഗലിംഗ മരത്തിലെ പുഷ്പങ്ങളും ഉദ്യാന പ്രേമികള്‍ക്ക് ഏറെ പ്രിയതരമാണ്. സ്വന്തം മക്കളെപ്പോലെ ഈ ചെടികളെ നട്ടുനനച്ച് വളര്‍ത്തുന്നത് കന്നടക്കാരനായ എം.ശിവനാണ്.