ബെംഗളൂരു: ഹോസ്റ്റല്‍ താമസത്തിന് ഇനി 12 ശതമാനം ജി.എസ്.ടി ബാധകമാകുമെന്ന് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് (എ.എ.ആര്). ഹോസ്റ്റലുകളെ റെസിഡന്‍ഷ്യല്‍ ഹൗസിംഗ് യൂണിറ്റുകളായി കണക്കാക്കുന്നില്ലെന്നും അതിനാല്‍ ജി.എസ്.ടി ഇളവിന് അര്‍ഹതയില്ലെന്നും എ.എ.ആര് ബെംഗളൂരു ബെഞ്ച് പറഞ്ഞു. ഇനി മുതല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളും മറ്റും അവരുടെ വാടകയ്ക്ക് 12 ശതമാനം അധിക നികുതി നല്‍കേണ്ടി വരും.
റസിഡന്‍ഷ്യല്‍ ഹൗസുകളുടെ വാടകയ്ക്ക് മാത്രമേ ജി.എസ്.ടി ഇളവിന് അര്‍ഹതയുള്ളൂവെന്നും ഹോസ്റ്റലുകള്‍ ഇതിന്റെ ഭാഗമാകുന്നില്ലെന്നും എ.എ.ആര് അറിയിച്ചു. പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടലുകള്‍ക്കും ഗസ്റ്റ് ഹൗസുകള്‍ക്കുമുള്ള ജി.എസ്.ടി ഇളവ് സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. അതിനാല്‍ ഹോസ്റ്റല്‍ വാടക അന്നുമുതല്‍ ജി.എസ്.ടിക്ക് വിധേയമാണ് എന്നും എ.എ.ആര് അറിയിച്ചു.