തിരുവനന്തപുരം: തൃച്ചി – ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സാങ്കേതിക കാരണങ്ങളാല്‍ സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. തിരുച്ചിറപ്പള്ളിയില്‍ നിന്ന് 50 മിനിറ്റിനുള്ളിലാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാവിധ മുന്‍കരുതലുകളും വിമാനത്താവളത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. തിരുച്ചിറപ്പള്ളിയില്‍ നിന്ന് പറന്നുയന്ന ഉടനെ അടിയന്തിര ലാന്‍ഡിംഗ് വേണ്ടി വരുമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള വിമാനത്താവളമായ തിരുവനന്തപുരത്ത് ഇറക്കാന്‍ വിവരം ലഭിക്കുകയായിരുന്നു. ലാന്‍ഡിങ് ഗിയര്‍ തകരാറാണ് പ്രശ്നമെന്നാണ് വിവരം. നിലവില്‍ മറ്റു പ്രശ്നങ്ങളൊന്നുമില്ല. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.