മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. ശാരീരിക അവശതകളെ തുടര്‍ന്ന് തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. മൂന്ന് തവണ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരുന്ന വക്കം, രണ്ട് തവണ ലോക്സഭാംഗമായും പ്രവര്‍ത്തിച്ചു.
അഞ്ച് തവണ നിയമസഭാംഗമായിരുന്ന അദ്ദേഹം 2006-ല്‍ ആദ്യ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധന, എക്‌സൈസ്, ലോട്ടറി വകുപ്പുകള്‍ വഹിച്ചിട്ടുണ്ട്. ആന്റണി സര്‍ക്കാരിന്റെ കാലത്ത് നിയമസഭാ സ്പീക്കറായും ചുമതല വഹിച്ചിരുന്നു. മിസോറാം, ത്രിപുര സംസ്ഥാനങ്ങളില്‍ ഗവര്‍ണറായും കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറില്‍ ലഫ്റ്റനന്റ് ഗവര്‍ണറായും പ്രവര്‍ത്തിച്ചു.
രണ്ട് തവണയായി ഏറ്റവും കൂടുതല്‍കാലം നിയമസഭ സ്പീക്കര്‍ സ്ഥാനത്തിരുന്നുവെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലായിരുന്നു. 2011ല്‍ രണ്ടാം യു.പി.എ സര്‍ക്കാരാണ് അദ്ദേഹത്തെ മിസോറം ഗവര്‍ണറായി നിയമിച്ചത്. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

1928 ഏപ്രില്‍ 12ന് ആറ്റിങ്ങലിലെ വക്കത്ത് ജനിച്ച വക്കം പുരുഷോത്തമന്‍ 1946ല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. പഞ്ചായത്ത് അംഗമായി പാര്‍ലമെന്ററി ജീവിതം ആരംഭിച്ചു. അഭിഭാഷക ജോലിയില്‍ നിന്നാണ് വക്കം പുരുഷോത്തമന്റെ രാഷ്ട്രീയപ്രവേശനം. രണ്ട് തവണ ആലപ്പുഴയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് തവണ ആറ്റിങ്ങലില്‍ നിന്ന് നിയമസഭയിലെത്തി.

1971 സെപ്റ്റംബര്‍ മുതല്‍ 1977 മാര്‍ച്ച് വരെ കൃഷി, തൊഴില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 1980 ജനുവരി മുതല്‍ 1981 ഒക്ടോബര്‍ വരെ ആരോഗ്യ-ടൂറിസം മന്ത്രിയായി പ്രവര്‍ത്തിച്ചു. 1982 മെയ് മുതല്‍ 1984 ഡിസംബര്‍ വരെ കേരള നിയമസഭ സ്പീക്കറായിരുന്നു. 2001 ജൂണില്‍ രണ്ടാം തവണയും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ആന്റണി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *