ന്യൂഡല്‍ഹി: മണിപ്പൂരില്‍ പൊതുനിരത്തിലൂടെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ഇരകളായ കുകി സ്ത്രീകള്‍ സുപ്രീം കോടതിയില്‍. വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ഇടപെടലുകള്‍ നടത്താതിരുന്ന മണിപ്പൂര്‍ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അതിജീവിതമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ബി ഫൈനോം ഗ്രാമത്തിലെ നോങ്‌പോക് സെക്മായ് പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ടാണ് അതിജീവിതമാരുടെ ഹര്‍ജി. മൂന്ന് കുകി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അവരില്‍ ഒരാളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത് മെയ്തി വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് ഗ്രാമത്തലവന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. മാത്രമല്ല, ഈ സ്ത്രീയുടെ പിതാവിനെയും സഹോദരനെയും ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതായും എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നുണ്ട്.
കേസിന്റെ വിചാരണ മണിപ്പൂരില്‍നിന്ന് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അതിജീവിതമാര്‍ കോടതിയെ സമീപിച്ചത്. കലാപവുമായി ബന്ധപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ ജൂലൈ 28ന് സുപ്രീംകോടതി പരിഗണിക്കാനിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മാറ്റിവച്ച ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹര്‍ജികള്‍ പരിഗണിക്കുക.
മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതും ഭരണഘടനാ അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്നും ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 27ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല മുഖേന കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിക്കുകയും കേസ് സിബിഐക്ക് കൈമാറിയതായി കോടതിയെ അറിയിക്കുകയും ചെയ്തു.