ചൈല്‍ഡ് ട്രാഫിക്കിങ്ങ് രാജ്യത്ത് വര്‍ധിക്കുന്നു; ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശ്, കൊവിഡിന്‌ശേഷം 68% വര്‍ധന

ചൈല്‍ഡ് ട്രാഫിക്കിങ്ങ് രാജ്യത്ത് വര്‍ധിക്കുന്നു; ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശ്, കൊവിഡിന്‌ശേഷം 68% വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികളെ കടത്തുന്നതില്‍ കൊവിഡിന് ശേഷം വര്‍ധനവുണ്ടായിരിക്കുന്നതായി പഠനങ്ങള്‍. കുട്ടികളെ കടത്തുന്നതില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് ഉത്തര്‍പ്രദേശാണ്. ബിഹാറും ആന്ധ്രാപ്രദേശും രണ്ടും മൂന്നും സ്ഥാനങ്ങളിലെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2016നും 2022നും ഇടയിലുള്ള കണക്കുകളെ മുന്‍നിര്‍ത്തിയുള്ള പഠനത്തില്‍ ഡല്‍ഹിയിലും ക്രമാതീതമായി കുട്ടികളെ കടത്തുന്ന കേസുകള്‍ വര്‍ധിക്കുന്നതായും വ്യക്തമാക്കുന്നു. കോവിഡിന് മുന്‍പുള്ള കാലഘട്ടത്തില്‍ നിന്ന് 68 ശതമാനം വര്‍ധനവാണ് ഡല്‍ഹിയിലുണ്ടായത്. ഇങ്ങനെ കടത്തപ്പെടുന്ന കുട്ടികളെ ബാലവേലകള്‍ക്കും മറ്റുമായാണ് ഉപയോഗിക്കുന്നത്.
ഗെയിംസ് 24X7, കൈലാഷ് സത്യാര്‍ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ തുടങ്ങിയ സന്നദ്ധ സംഘടനകള്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ലോക മനുഷ്യക്കടത്ത് വിരുദ്ധദിനത്തോടനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഉത്തര്‍പ്രദേശാണ് കുട്ടികളെ കടത്തുന്നതില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനം. കോവിഡിന് മുന്‍പ് 2016-2019 ഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളുടെ എണ്ണം 267 ആയിരുന്നു, എന്നാല്‍ കോവിഡിന് ശേഷമുള്ള കണക്കുകളില്‍ 2021-2022 വരെ ഇത് 1214 ആയി കുത്തനെ ഉയര്‍ന്നു. കര്‍ണാടകയില്‍ കേസുകള്‍ 6 ല്‍ നിന്ന് 110 ആയി ഉയര്‍ന്നു. കുട്ടികളെ കടത്തുന്നതില്‍ മുന്‍നിരയിലുള്ള ജില്ല ജയ്പൂര്‍ സിറ്റിയാണ്. ജയ്പൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ കടത്തുന്നത് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ്. 15.6 ശതമാനം കുട്ടികള്‍ ഹോട്ടലുകളിലും ദാബകളിലുമായി ജോലി ചെയ്യുന്നുണ്ട് . ഓട്ടോമൊബൈല്‍ ട്രൈന്‍സ്പോര്‍ട്ട് മേഖലകളില്‍ 13 ശതമാനവും വസ്ത്ര വ്യവസായ രംഗത്ത് 11.18 ശതമാനവും കുട്ടികളാണ് പണിയെടുക്കുന്നത്. അഞ്ചും എട്ടും വയസ്സുള്ള കുട്ടികള്‍ വരെ സൗന്ദര്യ വര്‍ധക വ്യവസായ മേഖലയില്‍ പണിയെടുക്കുന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സംഘടനാ പ്രവര്‍ത്തനത്തിലൂടെ 2016-22 കാലയളവില്‍ 18 വയസ്സിനു താഴെയുള്ള 13,549 കുട്ടികളെ രക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രക്ഷപ്പെടുത്തിയ കുട്ടികളില്‍ 80 ശതമാനവും 13-നും 18-നും ഇടയില്‍ പ്രായമുള്ളവരാണ്. 13 ശതമാനം പേര്‍ ഒന്‍പത് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ളവരും 2 ശതമാനത്തിലധികം പേര്‍ ഒന്‍പത് വയസ്സിന് താഴെയുള്ളവരുമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *