കേസ് പിടിക്കാന്‍ വളഞ്ഞ വഴി: ജില്ലാ കോടതി ബാര്‍ അസോസിയേഷന് തലവേദനയായി

കേസ് പിടിക്കാന്‍ വളഞ്ഞ വഴി: ജില്ലാ കോടതി ബാര്‍ അസോസിയേഷന് തലവേദനയായി

തലശ്ശേരി : ഏതാനും ചില അഭിഭാഷകര്‍ വീടുകള്‍ കയറിയിറങ്ങി അഭിഭാഷക സമൂഹത്തിന്റെ മാന്യതയും അന്തസ്സും കളഞ്ഞ് കുളിക്കുന്ന രീതിയില്‍ കേസ്സ് പിടിക്കുന്നത് വ്യാപക പരാതിയായപ്പോള്‍, ജില്ലാ കോടതി ബാര്‍ അസോസിയേഷന്‍ അടിയന്തിര ജനറല്‍ ബോഡി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യേണ്ടി വന്നു.
കക്ഷികളെ വ്യാജ പ്രചരണത്തിലൂടെ തെറ്റിദ്ധരിപ്പിച്ച് വീടുകയറിയും, വ്യാപാര സ്ഥാപനങ്ങള്‍ കയറിയിറങ്ങിയും പൊലീസ് സ്റ്റേഷന്‍ വഴിയും കേസ്സ് പിടിക്കുന്ന രീതിയെ തലശ്ശേരി ജില്ലാ കോടതി ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ശക്തമായി അപലപിച്ചു.

തൊഴില്‍ ധാര്‍മ്മികതക്ക് നിരക്കാത്ത കുത്സിത പ്രവൃത്തികള്‍ കാട്ടിക്കൂട്ടുന്ന വക്കീലന്മാര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാവണമെന്ന ആവശ്യം കോടതികള്‍ക്കകത്തു നിന്നും വെളിയില്‍ നിന്നും ശക്തമായിട്ടുണ്ട്. സാമ്പത്തിക നേട്ടം പ്രതീക്ഷിച്ച് ഏതാനും ഉദ്യോഗസ്ഥരും ചില പോലിസുകാരും പ്രാദേശിക മുഖ്യസ്ഥന്മാരുള്‍പ്പെട്ട കോക്കസാണ് ഇത്തരം അഭിഭാഷകരുടെ പിടിവള്ളിയെന്നാണ് മനസ്സിലാക്കാനാവുന്നത്.

മുമ്പ് മോട്ടോര്‍ ആക്‌സിഡന്റ് കേസുകള്‍ക്കായിരുന്നു ഡിമാന്റ്. അടുത്തിടെയായി അത് ഭൂമി സംബന്ധമായ ലാന്റ് റവന്യൂ മേഖലയിലേക്ക് കടന്നു കയറിയിട്ടുണ്ട്. ഇതോടെ നേരായ വഴിയിലൂടെ വിവരങ്ങള്‍ തേടിയെത്തുന്ന അഭിഭാഷകര്‍ക്ക് എല്‍.എ ഓഫീസുകളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ കിട്ടുന്നില്ല. എന്നാല്‍ കോക്കസുമായി ബന്ധപ്പെട്ടതാണെന്ന് സൂചിപ്പിച്ചാല്‍ വിവരങ്ങള്‍ തേടിപ്പിടിച്ച് കൈമാറും. ഇതാണ് ബാര്‍ അസോസിയേഷന്റെ അടിയന്തിര ഇടപെടലിന് വഴിയൊരുക്കിയത്.
അഭിഭാഷക സമൂഹത്തിനാകെ തീരാകളങ്കമായ പ്രവൃത്തികള്‍ കാട്ടിക്കൂട്ടുന്നവരെ നിലക്ക് നിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബാര്‍ അസോസിയേഷന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. ബാര്‍ കൗണ്‍സിലിലും പരാതിപ്പെടും. ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു.

തൊഴില്‍ മത്സരത്തില്‍ പിന്തള്ളിപ്പോവുന്നവര്‍ പിടിച്ചു നില്‍ക്കാന്‍ വളഞ്ഞ വഴി തേടുകയാണ്. ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡണ്ട് ജി.പി. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജേഷ് ചന്ദ്രന്‍, എം.വി.രാജേന്ദ്രന്‍, ജോണ്‍ സബാസ്റ്റ്യന്‍, വി.രത്‌നാകരന്‍, ദിവാകരന്‍ കണ്ടോത്ത്, ഷാജു ജോസഫ് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *